ചെന്നെ: കാറപകടം വ്യാജമാണെന്ന് ആരോപിച്ചയാൾക്ക് ചുട്ട മറുപടി നൽകി ബിജെപി നേതാവും സിനിമാ താരവുമായ ഖുശ്ബു രംഗത്തെത്തി. കാർട്ടൂണിസ്റ്റ് ബാല എന്നയാളാണ് താരത്തിനുണ്ടായ അപകടം വ്യാജമാണെന്ന് പ്രതികരിച്ചത്.’ ഖുശ്ബു മികച്ച നടിയാണെന്നതിനുള്ള തെളവാണ് ഈ ചിത്രം. പ്രിയപ്പെട്ട സംഘികളെ കുറച്ചുകൂടി നല്ല തിരക്കഥയുമായി വരൂ… ഇതിൽ നിരവധി പഴുതുകളുണ്ട്’ എന്നാണ് ഇയാൾ ട്വിറ്ററിൽ കുറിച്ചത്.

ഈ ട്വീറ്റിനെതിരെ നടി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ‘നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ അപകടമുണ്ടാക്കാൻ ശ്രമിക്കുക. നിങ്ങളുടെ മുഖത്ത് മരണം കാണുന്ന നിമിഷം നിങ്ങളുടെ പാന്റ്‌സ് നനയ്ക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. കാരണം നിങ്ങൾ എന്നെപോലെ ധൈര്യമുള്ളയാളല്ല. ഭീരുവാണ് നിങ്ങൾ, ബാല വേഗം സുഖം പ്രാപിക്കൂ’ ഖുശ്ബു കുറിച്ചു.

തന്റെ മരണ വാർത്ത എഴുതാൻ കാത്തിരുന്ന ചിലർ താൻ തിരികെ വന്നത് കണ്ട് അതിശയിച്ചിരിക്കുകയാണെന്ന് മറ്റൊരു ട്വീറ്റിലൂടെ ഖുശ്ബു കുറിച്ചു. ഒരുപാട് ആളുകളുടെ പ്രാർത്ഥനയാണ് തന്നെ അപകടത്തിൽ നിന്നും രക്ഷിച്ചതെന്ന് ഖുശ്ബു വ്യക്തമാക്കി.

നവംബർ 18നാണ് ഖുശ്ബുവിന്റെ കാർ അപകടത്തിൽപ്പെട്ടത്. ഗൂഡല്ലൂരിലെ വേൽ യാത്രയിൽ പങ്കെടുക്കാനായി പോകുന്നതിനിടെയായിരുന്നു അപകടം. പുറകെ വരികയായിരുന്ന ട്രക്ക് ഖുശ്ബുവിന്റെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് താരം പ്രതികരിച്ചിരുന്നു.