സെലിബ്രേറ്റി വ്യക്തത്വങ്ങളില്‍ ജീവിതത്തിലെ വ്യത്യസ്തത കൊണ്ട് ഏറെ ശ്രദ്ധ നേടുന്നവരാണ് ഹാരിരാജകുമാരനും മേഗന്‍ മാര്‍ക്കലും. വ്യത്യസ്തത നിറഞ്ഞ ഇവരുടെ പ്രവര്‍ത്തികള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാറുമുണ്ട്. ഇക്കുറി സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് മേഗന്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അണിഞ്ഞിരുന്ന വാച്ചിനെ കുറിച്ചാണ്. ഡയാന രാജകുമാരിയുടെ കൈയിലുണ്ടായിരുന്ന പ്രസിദ്ധമായ സ്വര്‍ണ കാര്‍ട്ടിയര്‍ വാച്ചിന്റെ അതേ മോഡലാണ് മേഗനും അണിഞ്ഞിരുന്നത്. ഡയാന രാജകുമാരിയോടുള്ള ആദരസൂചകമായാണ് മേഗന്‍ ഈ വാച്ച്‌ അണിഞ്ഞിരിക്കുന്നതെന്നാണ് മേഗന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ കുറിപ്പ്.

ടൈം100 ടോക്സ്സിന്റെ സ്പെഷ്യല്‍ എപ്പിസോഡില്‍ പങ്കെടുക്കാനെത്തിയ വേളയില്‍ പകര്‍ത്തിയ ചിത്രമാണ് മേഗന്‍ വാച്ചിനെ കുറിച്ച്‌ വിവരിച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഡയാന രാജകുമാരി അണിഞ്ഞിരുന്ന കാര്‍ട്ടിയര്‍ ടാങ്ക് ഫാഞ്ചൈസ് വാച്ച്‌ മോഡലാണ് മേഗനും അണിഞ്ഞിരുന്നത് എന്നാല്‍ വാച്ച്‌ ഡയാനയുടേത് അല്ല. 2012 ലാണഅ മേഗന്‍ ഈ വാച്ച്‌ സ്വന്തമാക്കുന്നത്. തനിക്ക് ഒരു മകള്‍ ഉണ്ടാകുമ്പോള്‍ ഈ വാച്ച്‌ മകള്‍ക്ക് സമ്മാനിക്കുമെന്നും ഹലോ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ മേഗന്‍ വ്യക്തമാക്കി.