അബുജ: ബലാത്സംഗ കേസ് പ്രതികള്‍ക്ക് കടുത്ത ശിക്ഷാ നടപടിയുമായി നൈജീരിയന്‍ സംസ്ഥാനം. ബലാത്സംഗ കേസിലെ പുരുഷ പ്രതികളുടെ ലൈംഗിക അവയവം ഛേദിക്കാനുള്ള നിയമമാണ് നൈജീരിയന്‍ സംസ്ഥാനമായ കാഡുനയില്‍ പ്രാബല്യത്തില്‍ വരുത്തുന്നത്. 14 വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കാനും പുതിയ നിയമം നിര്‍ദ്ദേശിക്കുന്നുണ്ട്. ബലാത്സംഗ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന സത്രീകളുടെ ഫിലോപ്പിയന്‍ ട്യൂബുകള്‍ നീക്കം ചെയ്യണമെന്നും സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്ന പുതിയ നിയമത്തില്‍ വ്യക്തമാക്കുന്നു. ബലാംത്സംഗ കേസിലെ പ്രതികള്‍ക്ക് നേരത്തെ പരമാവധി 21 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു കാഡുനയില്‍ നല്‍കിയിരുന്നത്. ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കാനാണ് ഇത്തരമൊരു നിയമം പ്രാബല്യത്തില്‍ വരുത്തുന്നതെന്ന് കാഡുനയിലെ ഗവര്‍ണര്‍ നാസിര്‍ അഹമ്മദ് അല്‍ റുഫായി അറിയിച്ചു.