തിരുവനന്തപുരം| സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യു. ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ പൊരുത്തക്കേടു കണ്ടതിനെത്തുടര്‍ന്നാണിത്. തിങ്കളാഴ്ച രാവിലെ കൊച്ചിയില്‍ വീണ്ടും ചോദ്യംചെയ്യലിനു ഹാജരാകാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവശങ്കറിനെ സ്വര്‍ണക്കടത്തു കേസില്‍ പ്രതി ചേര്‍ക്കുന്നതു സംബന്ധിച്ച്‌ എന്‍ഐഎ നിയമോപദേശം തേടി. അതേ സമയം സ്വര്‍ണക്കടത്തില്‍ അദ്ദേഹം ബോധപൂര്‍വം സഹകരിച്ചതായി എന്‍ഐഎക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.

അറസ്റ്റിലായ 16 പ്രതികളില്‍ പി എസ് സരിത് മാത്രമാണു ശിവശങ്കറിനെതിരെ മൊഴി നല്‍കിയത്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരല്ലാതെ കള്ളക്കടത്തു കേസിലെ മറ്റു പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നതായി ഇനിയും കണ്ടെത്തിയിട്ടില്ല. യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ ലഭിച്ചാലേ ശിവശങ്കറിനെ പ്രതി ചേര്‍ക്കാനും അറസ്റ്റ് ചെയ്യാനും എന്‍ഐഎ തയ്യാറാകുവെന്നാണ് അറിയുന്നത്.