ദില്ലി: കൊവിഡിനു ശേഷം ടീം ഇന്ത്യയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഈ വര്‍ഷമവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെ ആയിരിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ നേരത്തേ നേരത്തേ പ്ലാന്‍ ചെയ്തിരുന്നതു പോലെ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയുടെ ടി20 പരമ്ബര നടക്കാന്‍ സാധ്യതയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നേരത്തേ പ്രഖ്യാപിച്ചിരുന്ന ടി20 ലോകകപ്പിനു തൊട്ടുമുമ്ബായിരുന്നു ഇന്ത്യ ഓസീസിനെതിരേ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്ബര കളിക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ടി20 ലോകകപ്പ് മാറ്റി വച്ചു കഴിഞ്ഞു. മാത്രമല്ല ഈ സമയത്ത് ഐപിഎല്ലും നടക്കുന്നുണ്ട്.

ഡിസംബറിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്ബര ആരംഭിക്കുന്നത്. ഈ പരമ്ബരയ്ക്കു മുമ്ബ് ഇനി ടി20 പരമ്ബര കൂടി നടത്തുകയെന്നത് അപ്രായോഗികമായിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെത്തുന്ന ഇന്ത്യന്‍ ടീമിന് 14 ദിവസത്തെ ക്വാറന്റീന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ബന്ധമാക്കിയതോടെയാണിത്. ക്വാറന്റീന്‍ കാലാവധി കുറയ്ക്കണമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തേ ആവശ്യപ്പെട്ടിരുന്നെങ്കിലും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇതു തള്ളുകയായിരുന്നു.

14 ദിവസത്തെ ക്വാറന്റീന്‍ ഉള്ളതിനാല്‍ തന്നെ ടി20 പരമ്ബര കൂടി ഇന്ത്യയുടെ ഓസീസ് പര്യടനത്തില്‍ ഉള്‍ക്കൊള്ളിക്കുക ദുഷ്‌കരമായിരിക്കുകയാണ്. സര്‍ക്കാര്‍ നിയന്ത്രണങ്ങളുള്ളതിനാല്‍ തന്നെ രണ്ടാഴ്ച ഇന്ത്യന്‍ ടീമിന് ക്വാറന്റീനില്‍ കഴിയേണ്ടി വരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ പുതിയ മേധാവി നിക്ക് ഹോക്ക്‌ലി വ്യക്തമാക്കി. ടി20 പരമ്ബരയെക്കുറിച്ച്‌ ചര്‍ച്ച ചെയ്തിരുന്നതായും എന്നാല്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലാവധി പരിഗണിക്കുമ്ബോള്‍ പരമ്ബര ഉള്‍ക്കൊള്ളിക്കുക ബുദ്ധിമുട്ടാണെന്നും ബിസിസിഐ ഒഫീഷ്യല്‍ അറിയിച്ചു.

കൊവിഡ് മഹാമാരി കണക്കിലെടുക്കുമ്ബോള്‍ ഓസ്‌ട്രേലിയയിലെ പെരുമാറ്റച്ചട്ടങ്ങള്‍ എല്ലാവരും പാലിക്കുകയെന്നത് നിര്‍ബന്ധമാണ്. ഇതല്ലാതെ മറ്റൊരു വഴിയുമില്ല. മഹാമാരിയുയര്‍ത്തുന്ന വെല്ലവിളികളെ നാം ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം മറ്റു ബോര്‍ഡുകളുമായുണ്ടാക്കിയ ധാരണ പ്രകാരം മുമ്ബ് നിശ്ചയിച്ച തിയ്യതികളില്‍ മല്‍സരം നടത്തുകയെന്നതും ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുദ്ധിമുട്ടുള്ള കാര്യമാണ്. 14 ദിവസത്തെ ക്വാറന്റീന്‍ കൂടി വരുന്നതിനാല്‍ പര്യടനത്തിന്റെ ആകെയുള്ള ദൈര്‍ഘ്യവും കുറയുമെന്നും ബിസിസിഐ ഒഫീഷ്യല്‍ വിശദമാക്കി.

ടെസ്റ്റ് പരമ്ബരയ്ക്കു ശേഷം ഏകദിന പരമ്ബര കൂടി ഓസ്‌ട്രേലിയയില്‍ ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി 17നാണ് ഇത് അവസാനിക്കുന്നത്. ഇതിനു ശേഷം ടി20 പരമ്ബര കൂടി ഉള്‍ക്കൊള്ളിക്കാന്‍ തീരുമാനിച്ചാലും ആദ്യ മല്‍സരം 20ന് മാത്രമേ നടത്താന്‍ കഴിയൂ. ഒരേ വേദിയിയില്‍ ഒന്ന് ഇടവിട്ട ദിവസങ്ങളിലായി മല്‍സരങ്ങള്‍ നടത്തിയാല്‍ 24ന് പരമ്ബര അവസാനിപ്പിക്കാം. എന്നാല്‍ ഇതേക്കുറിച്ച്‌ ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്താതെ സ്ഥിരീകരിക്കാന്‍ സാധിക്കില്ലെന്നു ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.