വിയന്ന : ചരിത്ര സ്മാരകമായ ഹാഗിയ സോഫിയ ( Holy wisdom ) മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്കായി തുറന്നു കൊടുക്കുന്നതിനെതിരെ ഓസ്ട്രിയന്‍ വിദേശകാര്യമന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .യൂറോപ്യന്‍ യൂണിയന്‍ വെളിയിലേയ്ക്കു പോകാനുള്ള മറ്റൊരു നടപടി കൂടിയാണ് തുര്‍ക്കി കൈ കൊള്ളുന്നതെന്ന് വിദേശകാര്യമന്ത്രി അലക്സാണ്ടര്‍ ഷാലന്‍ബെര്‍ഗ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഇസ്താംബൂളിലെ പുരാതന ക്രൈസ്തവ ദേവാലയവും നിലവില്‍ മ്യൂസിയവുമായ ഹാഗിയ സോഫിയ മുസ്ലിം ദേവാലയമാക്കാനുള്ള തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്‍റെ നടപടിയില്‍ വിദേശകാര്യമന്ത്രാലയം നടുക്കം പ്രകടിപ്പിച്ചു. ഈ നടപടിയെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ശക്തമായി അപലപിച്ചിരുന്നു.

ജൂലൈ 24നാണ് മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്കായി സാന്‍റാ സോഫിയ തുറന്നുകൊടുക്കുന്നത്. ഒരുക്കങ്ങള്‍ വേഗത്തില്‍ നടന്നുവരുന്നതായി തുര്‍ക്കി വ്യക്തമാക്കി .

നിലവില്‍ മ്യൂസിയമായി നിലനിര്‍ത്തിയിരിക്കുന്ന കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പുരാതന ബൈസാന്‍റൈന്‍ കത്ത്രീഡല്‍ ആരാധനയ്ക്കായി തുറന്നു നല്‍കാന്‍ എടുത്ത തീരുമാനം തുര്‍ക്കിയെ യൂറോപ്പില്‍ നിന്നും ഏറെ അകറ്റും എന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

നിലവില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് പേരാണ് ജാതി മത വ്യത്യാസമില്ലാതെ ഈ ചരിത്രസ്മാരകം കാണാന്‍ എത്തിയിരുന്നത് . ഇതിന്റെ നിലവിലെ ഘടന മാറ്റാന്‍ എടുത്ത തീരുമാനത്തില്‍ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും എര്‍ഡോഗാന്‍റ് നടപടി ആധുനിക ലോകത്തിന് മനസ്സിലാകുന്നതല്ലെന്നും വ്യക്തമാക്കി.

എന്നാല്‍ ഹാഗിയ സോഫിയ മോസ്ക്ക് ആക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും ലോക പൈതൃകപട്ടികയില്‍ ഉള്ള ഹാഗിയ സോഫിയ തുടര്‍ന്നും എല്ലാവര്‍ക്കുമായി തുറന്നിടും എന്നും, തന്‍റെ തീരുമാനത്തെ മാനിക്കണമെന്നും ഈ നടപടി വലിയ ഉയര്‍ത്തെഴുന്നേല്‍പ്പാണെന്നും തുര്‍ക്കി പ്രസിഡന്‍ന്റ്റ് വിശേഷിപ്പിച്ചു.

യൂറോപ്യന്‍ യൂണിയന്‍, റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും തീരുമാനത്തെ നിര്‍ഭാഗ്യകരം എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ തങ്ങളുടെ നടുക്കം വ്യക്തമാക്കി . അയല്‍രാജ്യങ്ങളായ തുര്‍ക്കിയും, ഗ്രീസും തമ്മിലുള്ള ബന്ധം ഈ വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കും എന്നും ഗ്രീക്ക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

സമൂഹത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്നും എര്‍ഡോഗാന്‍ തുര്‍ക്കിയെ ആറു നൂറ്റാണ്ട് പുറകിലേക്കാണ് നയിക്കുന്നതെന്നും ഗ്രീക്ക് സാംസ്കാരിക വകുപ്പ് മന്ത്രി ലിന മെന്‍ഡോണി വ്യക്തമാക്കി.

ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ബൈസാന്‍റൈന്‍ ദേവാലയം1453 ല്‍ ഓട്ടോമന്‍ ഭരണകാലത്ത് പിടിച്ചെടുത്ത് മുസ്ലിം ദേവാലയമാക്കി. 1935 ല്‍ സൈനിക ഭരണകൂടം മ്യൂസിയം ആക്കിമാറ്റി. ഹാഗിയ സോഫിയ ( ഗ്രീക്ക് ) ലോക പൈതൃകപട്ടികയില്‍ പെട്ടതാണ്. ഒരുകാലത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസിന്‍റെ ആസ്ഥാനമായിരുന്ന ഈ കത്ത്രീഡല്‍ വീണ്ടും മുസ്ലീം ദേവാലയം ആക്കാനുള്ള തീരുമാനത്തിനെതിരെ ലോകമെമ്ബാടു നിന്നും വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞദിവസം ദിവസമുണ്ടായ കോടതി വിധിയെ തുടര്‍ന്നാണ് പ്രസിഡന്റ് ഇത് മുസ്ലിംങ്ങള്‍ക്കു ആരാധനയ്ക്കായി തുറക്കും എന്ന് പ്രഖ്യാപിച്ചത്.