തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരവും പ്രതിഷേധവും തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടുന്നു. നിയന്ത്രണ കാലയളവില്‍ എത്ര സമരങ്ങളും പ്രതിഷേധങ്ങളും നടന്നു എന്നും എത്ര കേസുകള്‍ എടുത്തുവെന്നും സര്‍ക്കാര്‍ ബുധനാഴ്ച കോടതിയെ അറിയിക്കണം.

കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ സംഘം ചേര്‍ന്നുള്ള പ്രതിഷേധവും സമരവും സ്ഥിതി ഗുരുതരമാക്കുമെന്നും രാഷ്ടീയ പാര്‍ട്ടികള്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ ജോണ്‍ നുമ്ബേലിയും മറ്റും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിര്‍ദേശം. സമരങ്ങളുടെ കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും നടപടി എടുക്കുന്നുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു. മാര്‍ഗ നിര്‍ദേശം ലംഘിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ നിയമത്തില്‍ വ്യവസ്ഥ ഇല്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.