ശസ്ത്രക്രിയക്കു ശേഷം മാർപാപ്പ ആരോഗ്യവാനാണെന്ന് വത്തിക്കാൻ അറിയിച്ചു. ജെമെല്ലി ആശുപത്രിയിൽ ജൂൺ ഏഴിന് നടന്ന പത്രസമ്മേളനത്തിലൂടെയാണ് വത്തിക്കാൻ ഈ വിവരം പുറത്തുവിട്ടത്. മാർപാപ്പ സുഖമായിരിക്കുന്നുവെന്നും തമാശകൾ പറഞ്ഞ് സംസാരിച്ചിരുന്നുവെന്നും ശസ്ത്രക്രിയ നടത്തിയ ജെമെല്ലി ആശുപത്രിയിലെ ഡോക്ടർ ഡോ. സെർജിയോ അൽഫിയേരി പത്രസമ്മേളനത്തിൽ പറഞ്ഞു.

അൽഫിയേരി തന്നെയാണ് മാർപാപ്പയുടെ 2021-ലെ ശസ്ത്രക്രിയ നടത്തിയത്. “ശസ്ത്രക്രിയയോടും ജനറൽ അനസ്തേഷ്യയോടും പാപ്പാ നന്നായി പ്രതികരിച്ചു. ഇപ്പോഴത്തെ ആരോഗ്യനില വിലയിരുത്തുമ്പോൾ പൂർണ്ണസുഖം പ്രാപിച്ചതിനുശേഷം പോർച്ചുഗല്ലിലേക്കും മംഗോളിയയിലേക്കും ആഗസ്റ്റിൽ നിശ്ചയിച്ചിട്ടുള്ള യാത്രകൾ തുടരുന്നതിന് തടസമില്ലെന്നും” ഡോക്ടർ പറഞ്ഞു.

വത്തിക്കാൻ പ്രസ് ഓഫീസിന്റെ ഡയറക്ടറും വത്തിക്കാൻ വക്താവുമായ മാറ്റിയോ ബ്രൂണി ഫ്രാൻസിസ് മാർപാപ്പക്കു വേണ്ടിയുള്ള എല്ലാവരുടെയും പ്രാർത്ഥനക്കും പിന്തുണക്കും നന്ദി അറിയിച്ചു.