പണത്തെ സേവിക്കുന്നത് പിശാചിനെ സേവിക്കുന്നതിനേക്കാൾ മോശമാണെന്ന് ചൂണ്ടിക്കാട്ടി ഫ്രാൻസിസ് മാർപാപ്പ. ജൂൺ 5-ന് വത്തിക്കാനിൽ നടന്ന സെന്റിസിമസ് അന്നൂസ് പ്രോ പൊന്തിഫിസ് ഫൗണ്ടേഷന്റെ മുപ്പതാം വാർഷിക സമ്മേളനത്തിലാണ് മാർപാപ്പ ഇക്കാര്യം പങ്കുവച്ചത്. പണത്തിന്റെ ഉപയോഗത്തെക്കുറിച്ചും നിലവിലുള്ള ‘ഭ്രാന്തൻ’ സമ്പദ്‌വ്യവസ്ഥയുടെ തിന്മകളെ കുറിച്ചും മാർപാപ്പ വ്യക്തമാക്കി.

നിങ്ങൾക്ക് രണ്ട് യജമാനന്മാരെ ഒന്നിച്ചു സേവിക്കാൻ കഴിയില്ലെന്ന് വിശദീകരിച്ചുകൊണ്ടുള്ള വചനസന്ദേശത്തിൽ യേശു പറയുന്നത്, ഒന്നുകിൽ ദൈവത്തെ സേവിക്കുക അല്ലെങ്കിൽ പണത്തെ സേവിക്കുക എന്നാണ്; അല്ലാതെ പിശാചിനെ സേവിക്കുക എന്നല്ല. അതുകൊണ്ടു തന്നെ പിശാചിനെ സേവിക്കുന്നതിനേക്കാൾ മോശം പണത്തെ സേവിക്കുകയാണെന്ന് മാർപാപ്പ തിരുവചന സന്ദേശത്തിൽ വ്യക്തമാക്കി.

സെന്റിസിമസ് അന്നൂസ് പ്രോ പൊന്തിഫിസ് ഫൗണ്ടേഷന്റെ അംഗങ്ങളായിരിക്കുന്നവരിൽ പലരും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നവരാണ്. അതിനാൽ തന്നെ സമ്പത്ത് അനാരോഗ്യകരമായ രീതിയിൽ ഉപയോഗിക്കുന്നതിന്റെ അപകടസാധ്യതയെക്കുറിച്ചും മാർപാപ്പ വ്യക്തമാക്കി.