ഉക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള വത്തിക്കാന്റെ ശ്രമങ്ങളുടെ ഭാഗമായി ഫ്രാൻസിസ് പാപ്പായുടെ പ്രതിനിധി കർദ്ദിനാൾ മാറ്റിയോ സുപ്പി കീവിൽ എത്തി. തിങ്കളാഴ്ച കീവിൽ എത്തിയ കർദ്ദിനാൾ സുപ്പി തലസ്ഥാനത്ത് രണ്ട് ദിവസം ചെലവഴിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു.

ന്യായമായ സമാധാനം കൈവരിക്കാനും പിരിമുറുക്കം ലഘൂകരിക്കാൻ സഹായിക്കുന്ന മാനുഷിക ആംഗ്യങ്ങളെ പിന്തുണക്കാനും സാധ്യമായ വഴികളെക്കുറിച്ച് ഉക്രേനിയൻ അധികാരികളുടെ അഭിപ്രയങ്ങൾ കേൾക്കാനായി അദ്ദേഹം കീവിൽ ഉണ്ടായിരിക്കും. ജൂൺ 5, 6 തീയതികളിലെ സന്ദർശനവേളയിൽ, സുപ്പി ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലെബാസ്, മേജർ ആർച്ചുബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്ക്, ഒരുപക്ഷേ പ്രസിഡന്റ് വ്‌ളോടിമർ സെലെൻസ്‌കി എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. സന്ദർശനത്തിന്റെ പൂർണ്ണവിവരം വത്തിക്കാൻ പ്രസിദ്ധീകരിച്ചിട്ടില്ല.

റഷ്യക്കും ഉക്രൈനുമിടയിൽ സമാധാനത്തിന്റെ പാത രൂപപ്പെടുത്തുന്നതിന് മാർപാപ്പയുടെ പ്രതിനിധിയായി പ്രവർത്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ മാസം ഇറ്റാലിയൻ കർദ്ദിനാളിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കർദ്ദിനാൾ സുപ്പി ഉക്രൈനിൽ എത്തിയത്. ബൊലോഗ്നയിലെ ആർച്ചുബിഷപ്പും ഇറ്റാലിയൻ ബിഷപ്പുമാരുടെ കോൺഫറൻസിന്റെ പ്രസിഡന്റുമായ കർദ്ദിനാൾ സുപ്പിക്ക് സമാധാനം കെട്ടിപ്പടുക്കുന്ന സമൂഹമായ സാന്റ് എഗിഡിയോയുമായി ശക്തമായ ബന്ധമുണ്ട്. മൊസാംബിക്ക്, സൗത്ത് സുഡാൻ, കോംഗോ, ബുറുണ്ടി, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ സമാധാന ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കത്തോലിക്കാ ലേ അസോസിയേഷനാണ് സാന്റ് എഗിഡിയോ.

ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് ഉക്രൈൻ പ്രസിഡന്റ് വ്‌ളോടിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തി ഒരാഴ്ചക്കു ശേഷമാണ് വത്തിക്കാൻ, മാർപാപ്പയുടെ സമാധാന ദൂതനായി സുപ്പിയുടെ സന്ദർശനം പ്രഖ്യാപിച്ചത്.