കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിംഗ് കോളജിലെ വിദ്യാർതിനിയുടെ ആത്മഹത്യയിൽ നിലപാട് കടുപ്പിച്ച് വിദ്യാർഥികൾ. പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു.എന്നാൽ ഹോസ്റ്റൽ ഒഴിയാനാകില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇന്ന് മാനേജ്മെന്റും വിദ്യാർത്ഥി പ്രതിനിധികളും തമ്മിൽ ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചത്.

സ്ഥലം എംഎൽഎയും സർക്കാർ ചീഫ് വിപ്പുമായ എൻ ജയരാജിന്റെ സാന്നിധ്യത്തിലാകും ചർച്ച നടക്കുക. കഴിഞ്ഞ ദിവസം ചർച്ച നടന്നിരുന്നുവെങ്കിലും അതിൽ തീരുമാനം ഒന്നും തന്നെ ആയില്ല. ഇതേ തുടർന്നാണ് ആരോപണവിധേയരായ അധ്യാപകരേക്കൂടി ഉൾപ്പെടുത്തി ചർച്ച നടത്താൻ തീരുമാനിച്ചത്. അതേസമയം ശ്രദ്ധയുടെ ആത്മഹത്യമായി ബന്ധപ്പെട്ട കൂടുതൽ വിദ്യാർത്ഥികളുടെ മൊഴിയെടുക്കാനുള്ള നടപടികൾ ഇന്ന് തുടങ്ങുമെന്ന് പൊലീസും അറിയിച്ചു.

ശ്രദ്ധ സതീഷ് എന്ന വിദ്യാർഥിനിയെയാണ് കോളേജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രദ്ധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വിദ്യാർഥികൾ ആരോപിച്ചു.മാനേജ്‌മെന്റ് പീഡനത്തെ തുടർന്നാണ് ശ്രദ്ധ ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്.

കോളേജിനെതിരെ സമൂഹമാധ്യമങ്ങൾ വഴി പ്രതികരിച്ചതിന്റെ പേരിൽ കഴിഞ്ഞ ദിവസം ശ്രദ്ധയുടെ മൊബൈൽ അധ്യാപകർ പിടിച്ചെടുത്തതായി കുടുംബം പറയുന്നുണ്ട്. ഇതിന് പിന്നാലെ കടുത്ത ഒരു അധ്യാപകനില്‍നിന്നും അപമാനം നേരിടേണ്ടി വന്നതായും പിതാവ് ആരോപിക്കുന്നു. വിഷയം ചൂണ്ടികാണിച്ച് മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമടക്കം കുടുംബം പരാതി നൽകിയിരുന്നു. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.