നൈജീരിയയിലെ നസറാവ സംസ്ഥാനത്തെ രണ്ട് ക്രിസ്ത്യൻ ഗ്രാമങ്ങൾ ഫുലാനി തീവ്രവാദികൾ ആക്രമിച്ചു. ആക്രമണത്തിൽ 43 പേർ കൊല്ലപ്പെട്ടു. കരു കൗണ്ടിയിലെ തകലാഫിയ ഗ്രാമത്തിൽ മെയ് 11-ന് രാത്രിയിലായിരുന്നു ആക്രമണം. ഈ സമയം വീടുകളിൽ ഉറങ്ങുകയായിരുന്ന ഗ്രാമീണരെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു തീവ്രവാദികൾ ആക്രമിച്ചത്. പുലർച്ചെ വരെ നീണ്ടുനിന്ന ആക്രമണത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. അതേ സമയം തന്നെ സമീപത്തെ ഗ്വാഞ്ചയിലും ആക്രമണമുണ്ടായി.

ആക്രമണത്തിൽ രണ്ട് കമ്മ്യൂണിറ്റികളിലായി നിരവധി വീടുകൾ നശിച്ചു. രാത്രി ഒമ്പതു മണിയോടു കൂടിയാണ് തീവ്രവാദികൾ ആക്രമണം നടത്തിയതെന്ന് തകലാഫിയ നിവാസിയായ ലിവിനസ് ദണ്ഡൗറ പറഞ്ഞു. “ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ്. കാരണം സായുധരായ മുസ്ലീം തീവ്രവാദികളും ആട്ടിടയന്മാരും ഗ്രാമത്തിൽ പതിയിരുന്ന് ആക്രമണം നടത്തുന്നതിനിടയിൽ അവർക്ക് വേഗം രക്ഷപെടാൻ കഴിഞ്ഞില്ല” – ദണ്ഡൗറ പറഞ്ഞു.

പരിക്കേറ്റവരിൽ നാലു പേർ ആശുപത്രിയിൽ ശരിയായ വൈദ്യസഹായം ലഭിക്കാത്തതിനാലാണ് മരണമടഞ്ഞത്.