വിശ്വാസത്തെക്കുറിച്ച് കുട്ടികളോട് സംസാരിക്കുന്നതിലും വിശ്വാസസംപ്രേക്ഷകരാകുന്നതിലും മുന്നിട്ട് നിൽക്കാൻ മാതാപിതാക്കളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ. ആഗോള രക്ഷാകർതൃ ദിനമായ ജൂൺ ഒന്നിന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിലൂടെയാണ് വിശ്വാസം പുതുതലമുറയിലേക്ക് പകരുന്നതിൽ മാതാപിതാക്കൾക്കുള്ള പങ്കിനെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചത്.

“പ്രിയപ്പെട്ട മാതാപിതാക്കളെ, നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളോട് പറയുന്നതിൽ നിങ്ങൾ ഒരിക്കലും മടുക്കരുത്. നിങ്ങളുടെ മാതാപിതാക്കളിൽനിന്ന് നിങ്ങൾക്ക് ലഭിച്ച വിശ്വാസത്തിന്റെ മധ്യസ്ഥ്യരാകാൻ നിങ്ങൾക്ക് എപ്പോഴും ശക്തിയുണ്ടാകട്ടെ” എന്നതായിരുന്നു പാപ്പായുടെ സന്ദേശം. കുട്ടികളോടുള്ള നിസ്വാർത്ഥ പ്രതിബദ്ധതയും, കുട്ടികൾക്കുവേണ്ടിയുള്ള അവരുടെ ആജീവനാന്ത ത്യാഗവും കണക്കിലെടുത്ത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മാതാപിതാക്കളെ അഭിനന്ദിക്കാൻ വേണ്ടി 2012-ൽ ഐക്യരാഷ്ട്രസഭയാണ് ജൂൺ ഒന്നിന് ആഗോള രക്ഷാകർതൃദിനമായി പ്രഖ്യാപിച്ചത്.