കോട്ടയം : അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസുമായുള്ള ബന്ധത്തെച്ചൊല്ലി ക്‌നാനായ യാക്കോബായ സഭയില്‍ രൂക്ഷമായ തര്‍ക്കം. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്‌നാനായ അസോസിയേഷന്‍ യോഗം കുര്യാക്കോസ് മോര്‍ സേവേറിയോസിനെ സഭയുടെ വലിയ മെത്രാപ്പോലീത്തയായും ആര്‍ച്ച്ബിഷപ്പായും തെരഞ്ഞെടുത്തതിനെതിരേ സഭയിലെ ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് അന്ത്യോഖ്യന്‍ ബന്ധത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായത്.

മോര്‍ സേവേറിയോസിനു നേരത്തെ നല്‍കിയിരുന്ന ഈ രണ്ടു സ്ഥാനങ്ങളും മൂന്നു വര്‍ഷം മുമ്പു പരിശുദ്ധ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ബാവ കല്‍പനയിലൂടെ നീക്കം ചെയ്തതാണെന്നും അതിനാല്‍ ഈ സ്ഥാനം തിരികെ നല്‍കാന്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കുമാത്രമേ അധികാമുള്ളുവെന്നുമാണു മോര്‍ സേവേറിയോസിനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നത്. അസോസിയേഷന്‍ യോഗത്തിനു പാത്രിയര്‍ക്കീസ് ബാവ നല്‍കുന്ന ബഹുമതി നല്‍കാനാകില്ലെന്നും ഇവര്‍ പറയുന്നു.

സഭയിലെ ഇതര മെത്രാപ്പോലീത്താമാരായ കുറിയാക്കോസ് മോര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മോര്‍ ഈവാനിയോസ്, ആയൂബ് മോര്‍ സില്‍വാനോസ്, അസോസിയേഷന്‍ അംഗങ്ങളായ ജെയിംസ് ജേക്കബ്, ടിനു ഏബ്രഹാം, കാവാലം രാജു, അനില്‍ കെ. മാത്യു, മുന്‍ സമുദായ ട്രസ്റ്റിമാരായ കെ.കെ. കുരുവിള കേളചന്ദ്ര, ടി.ഒ. ഏലിയാസ്, മുന്‍ സമുദായ സെക്രട്ടറിമാരായ ഏലിയാസ് സഖറിയ, ഏബ്രഹാം പുന്നൂസ് എന്നിവരാണു മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ സ്ഥാനത്തെ പരസ്യമായി തള്ളിപ്പറഞ്ഞു രംഗത്തുവന്നത്.

പാത്രിയര്‍ക്കീസ് ബാവയാണ് മോര്‍ സേവേറിയോസിനെ മെത്രാപ്പോലീത്തായായി വാഴിച്ചതെന്നും അതിനാല്‍ വലിയ മെത്രാപ്പോലീത്താ സ്ഥാനം നല്‍കാന്‍ ക്‌നാനായ അസോസിയേഷന് അധികാരമില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. ഇതു സഭയുടെ ചട്ടങ്ങള്‍ക്കും മേല്‍പ്പട്ട അധികാരത്തിനും വിരുദ്ധവും സഭയ്ക്ക് അപമാനകരവുമാണെന്നും ഇവര്‍ പറയുന്നു. എന്നാല്‍, ക്‌നാനായ സഭയുടെ അധികാരത്തില്‍ അനാവശ്യമായ നിയന്ത്രണങ്ങള്‍ പുറത്തുനിന്നും അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും സഭയുടെ നിലപാട് സ്വീകരിക്കാനുള്ള പരമോന്നത അവകാശം ക്‌നാനായ അസോയിയേഷനാണുള്ളതെന്നുമാണ് മോര്‍ സേവേറിയോസിനെ പിന്തുണയ്ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ക്‌നാനായ അസോസിയേഷനാണ് മെത്രാപ്പോലീത്തായെ തെരഞ്ഞെടുക്കുന്നതെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ക്‌നാനായ അസോസിയേഷന്‍ യോഗം പാത്രിയര്‍ക്കീസ് ബാവ എടുത്തുകളഞ്ഞ വലിയ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് എന്നീ പദവികള്‍ കുര്യാക്കോസ് മോര്‍ സേവേറിയോസ് മെത്രാപ്പോലീത്തായ്ക്കു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സമുദായ സെക്രട്ടറി ടി.ഒ. ഏബ്രഹാം, ട്രസ്റ്റി തോമസുകുട്ടി മറ്റക്കാട്ട്, വികാരി ജനറാള്‍ ഫാ. വി.എ. ഏബ്രഹാം, ഫാ. മോനായി ഫിലിപ്പ്, ഭദ്രാസന സെക്രട്ടറി ഫാ. ഏലിയാസ് സ്‌കറിയ തുടങ്ങിയവര്‍ അസോസിയേഷന്‍ യോഗത്തിനു നേതൃത്വം നല്‍കി.