കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതക്ക് എതിരെയുള്ള സീറോ മലബാര്‍ മെത്രാന്‍ സംഘത്തിന്റെ ഏതൊരു നീക്കത്തെയും വിശ്വാസ സമൂഹം ചെറുക്കുമെന്ന് അല്മായ മുന്നേറ്റം അതിരൂപത കോര്‍ഡിനേഷന്‍ സമിതി പ്രഖ്യാപിച്ചു. അതിരൂപതയിലെ വിഷയം ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 12ന് അടിയന്തിര സിനഡ് കൂടുന്ന സാഹചര്യത്തില്‍ ആണ് അല്മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

എറണാകുളം അതിരൂപതയുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തിര സിനഡ് കൂടുമ്പോള്‍ എറണാകുളം അതിരൂപതയുടെ നിലപാട് അവതരിപ്പിക്കാന്‍ സിനഡില്‍ ആരും തന്നെ ഇല്ലാത്തത് കൊണ്ട്, അതിരൂപതയിലെ വൈദികരുടെയും വിശ്വാസികളുടെയും നിലപാട് അവതരിപ്പിക്കാന്‍ അവസരം ലഭിക്കണമെന്ന് അല്മായ മുന്നേറ്റം ആവശ്യപ്പെട്ടു. ഏകപക്ഷിയമായി അതിരൂപതക്ക് എതിരെ എന്തെങ്കിലും തീരുമാനം എടുക്കാനാണ് മെത്രാന്‍ സംഘത്തിന്റെ തീരുമാനം എങ്കില്‍ അതിനെ ചെറുത്ത് തോല്പിക്കാനാണ് വിശ്വാസികളുടെ തീരുമാനം എന്ന് അല്മായ മുന്നേറ്റം കണ്‍വീനര്‍ ജെമി ആഗസ്റ്റിന്‍, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

അതിരൂപതയെ കേള്‍ക്കാതെ സിനഡ് കൂടി തീരുമാനം എടുക്കുന്നതിനു എതിരെ എറണാകുളം അതിരൂപതയിലെ 16ഫൊറോന കണ്‍വെന്‍ഷനുകള്‍ ജൂണ്‍ നാലിന് മുന്‍പ് വിളിച്ചു ചേര്‍ക്കാനും ജൂണ്‍ 11ന് അതിരൂപത വിശ്വാസ കണ്‍വെന്‍ഷനും സമരപ്രഖ്യാപനവും നടത്താനും അല്മായ മുന്നേറ്റം കോര്‍ഡിനേഷന്‍ സമിതി തീരുമാനിച്ചു. അതിരൂപതയെ കേള്‍ക്കുക, ജനാഭിമുഖ കുര്‍ബാനയല്ലാതെ മറ്റെന്തെങ്കിലും അതിരൂപതയില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ കീഴില്‍ അതിരൂപതക്ക് ഇനി മുന്നോട്ടു പോകാനാവില്ല, ഈ അതിരൂപതയിലെ വിശ്വാസി സമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു വൈദികനെ എറണാകുളം മെത്രാപ്പോലീത്തയാക്കുക, എറണാകുളം കത്തിഡ്രല്‍ ബസിലിക്ക ആരാധനക്ക് തുറന്നു നല്‍കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫൊറോന കണ്‍വെന്‍ഷനുകളും അതിരൂപത കണ്‍വെന്‍ഷനും സംഘടിപ്പിക്കുന്നത്.