തൃശൂര്‍: വിധവയായതിന്റെ പേരിലാണ്‌ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിനെ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ ഉദ്‌ഘാടനത്തില്‍നിന്ന്‌ ഒഴിവാക്കിയതെന്ന്‌ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.എം.എന്‍. കാരശേരി. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചു സംഗീത നാടക അക്കാദമി അങ്കണത്തില്‍ വെറുപ്പിന്റെ രാഷ്‌ട്രീയത്തിനെതിരേ സംഘടിപ്പിച്ച സാംസ്‌കാരിക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദു പാരമ്പര്യത്തിലെ മേല്‍ജാതി ചിന്തയാണ്‌ ഇതിനു പിന്നില്‍. കൗരവസഭയില്‍ അപമാനിക്കപ്പെട്ടത്‌ ഒരു സ്‌ത്രീത്വമാണ്‌. അവരുടെ പേര്‌ ദ്രൗപദി എന്നാണ്‌. ഇന്നു ഭരണവര്‍ഗത്താല്‍ അപമാനിക്കപ്പെടുന്നതും മറ്റൊരു ദ്രൗപദിയാണ്‌. ഒരു വിധവ ദുഃശകുനമാണെന്ന്‌ പറയുന്നതു ദുരാചാരങ്ങള്‍ തിരികെകൊണ്ടുവരുന്നതിനു തുല്യമാണെന്നും കാരശേരി പറഞ്ഞു.

സംഗീത നാടക അക്കാദമി മുന്‍ സെക്രട്ടറി ഡോ.പി.വി. കൃഷ്‌ണന്‍ നായര്‍ അധ്യക്ഷനായി. സംഘപരിവാര്‍ ഫാസിസത്തെ എതിര്‍ക്കുന്നതുപോലെതന്നെ പിണറായി വിജയന്റെ ഫാസിസത്തെയും എതിര്‍ക്കണമെന്നു നിരൂപകന്‍ ബാലചന്ദ്രന്‍ വടക്കേടത്ത്‌ അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ക്കിടയില്‍ ഇടതുപക്ഷ നിശബ്‌ദത നിലനില്‍ക്കുന്നുവെന്നും അത്‌ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി പറയുന്ന സ്‌നേഹത്തിന്റെ ഭാഷ മനസിലാക്കാന്‍ 56 ഇഞ്ചിന്റെ നെഞ്ചളവിനു സാധിക്കില്ലെന്നും അതു തിരിച്ചറിയാന്‍ നെഹ്‌റുവിന്റെയും ഗാന്ധിജിയുടെയും മനസറിയുന്നവര്‍ക്കേ സാധിക്കൂവെന്നും കവി റഫീഖ്‌ അഹമ്മദ്‌ പറഞ്ഞു.