2024-ൽ നടത്തപ്പെടുന്ന 53-ാമത് അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിന് ഫ്രാൻസിസ് മാർപാപ്പ ആശീർവാദം നൽകി. ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ പ്രതീകമായ സുവിശേഷഗ്രന്ഥത്തിൽ മെയ് 24-ന് ഒപ്പു വയ്ക്കുകയും ആശീർവദിക്കുകയും ചെയ്തുകൊണ്ടാണ് മാർപാപ്പ അനുഗ്രഹം നേർന്നത്. ഇക്വഡോറിന്റെ തലസ്ഥാന നഗരമായ ക്വിറ്റോയിലാണ് 2024-ലെ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടക്കുന്നത്.

സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ വച്ച് ഔദ്യോഗികമായി സദസ്സിനെ സ്വീകരിച്ച വേളയിൽ മാർപാപ്പ സുവിശേഷ ഗ്രന്ഥത്തിൽ ഒപ്പുവച്ചു. ക്വിറ്റോയിലെ ആർച്ചുബിഷപ്പും ഇക്വഡോറിലെ പ്രൈമേറ്റുമായ ആൽഫ്രെഡോ ജോസ് എസ്പിനോസ മാറ്റ്യൂസ് ആണ് മാർപാപ്പക്ക് സുവിശേഷഗ്രന്ഥം നൽകിയത്. തദവസരത്തിൽ മാർപാപ്പ ഇക്വഡോറിന് അനുഗ്രഹം നേരുകയും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ സമാധാനം പുലരാൻ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു.

‘മഹത്തായ ഈ സുവിശേഷ ഗ്രന്ഥമാണ് ഇക്വഡോറിലുടനീളം സഞ്ചരിക്കേണ്ടത്. ദൈവവചനമാണ് സമൂഹങ്ങളെ രൂപപ്പെടുത്തുന്നതും വിളിച്ചുകൂട്ടുന്നതും. അതുകൊണ്ടുതന്നെ നിങ്ങളുടെ മഹത്തായ ഒരുക്കങ്ങളിൽ മുന്നേറുക’ എന്നും മാർപാപ്പ ഓർമ്മപ്പെടുത്തി.

2024 സെപ്റ്റംബർ 8 മുതൽ 15 വരെ ക്വിറ്റോയിൽ വച്ച് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് നടക്കും. “നിങ്ങൾ എല്ലാവരും സഹോദരന്മാരാണ്” (മത്തായി 23:8) എന്ന തിരുവചനത്തെ അടിസ്ഥാനമാക്കി “ലോകത്തെ സുഖപ്പെടുത്താൻ സാഹോദര്യം” എന്ന വിഷയമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.