ബുർക്കിന ഫാസോയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ഓസ്‌ട്രേലിയൻ ഡോക്ടർക്ക് ഏഴു വർഷങ്ങൾക്കു ശേഷം മോചനം. അൽ-ഖ്വയ്ദ തടവിലാക്കിയ ഡോ. കെന്നത്ത് എലിയറ്റിന് ഇപ്പോൾ 88 വയസുണ്ട്. 2016 ജനുവരി 15 -നായിരുന്നു അദ്ദേഹത്തെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്.

ഓസ്‌ട്രേലിയക്കാരായ എലിയറ്റിനെയും ഭാര്യ ജോസ്‌ലിനിനെയും ബുർക്കിന ഫാസോയിലെ അവരുടെ വീട്ടിൽ നിന്ന് മാലി ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അൽ-ഖ്വയ്‌ദ ഇസ്‌ലാമിക് മഗ്രിബിലെ (എക്യുഐഎം) അംഗങ്ങൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. 2016 ഫെബ്രുവരിയിൽ ജോസ്‌ലിൻ മോചിതയായി. “കെന്നത്ത് എലിയറ്റ് സുരക്ഷിതനും ആരോഗ്യവാനുമായിരുന്നു. അദ്ദേഹം ഭാര്യയോടും മക്കളോടുമൊപ്പം വീണ്ടും ഒന്നിച്ചു” – വിദേശകാര്യ മന്ത്രി പെന്നി വോംഗ് അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

“ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” – എലിയറ്റിന്റെ കുടുംബം, വോങ് ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വെളിപ്പെടുത്തി. എലിയറ്റും ഭാര്യയും ജിബോയിൽ ആശുപത്രി നടത്തിവരികയായിരുന്നു. തട്ടിക്കൊണ്ടു പോകലിനു ശേഷം, ഡോക്ടറായ എലിയറ്റിന്റെ അസാന്നിധ്യം മൂലം 120 രോഗികളെ ഉൾക്കൊള്ളാവുന്ന ആശുപത്രി അടച്ചുപൂട്ടേണ്ടി വന്നു. പ്രദേശത്തെ ഒരേയൊരു സർജനായിരുന്നു എലിയറ്റ്. ഏകദേശം 2 ദശലക്ഷം ആളുകൾക്ക് തന്റെ സേവനം സൗജന്യമായി നൽകി വരുകയായിരുന്നു അദ്ദേഹം.