ന്യൂയോർക്ക്: മേയ് മാസത്തെ മലയാളി പൈതൃക മാസമായി പ്രഖ്യാപിച്ച് ന്യൂയോർക്ക്. സെനറ്റർ കെവിൻ തോമസിന്റെ പ്രമേയത്തിന്മേലാണ് പ്രഖ്യാപനം.
ആരോഗ്യ മേഖലകളിലും സ്റ്റേറ്റിന്റെയും സിറ്റിയുടെയും പ്രമുഖ സ്ഥാനങ്ങളിലും വിവിധ സേവന രംഗങ്ങളിലും മലയാളികളുടെ സാന്നിധ്യവും സേവനവും എടുത്തുപറഞ്ഞാണു മേയ് മാസത്തെ മലയാളി മാസമായി പ്രഖ്യാപിക്കണമെന്ന പ്രമേയം സെനറ്റർ സഭയിൽ അവതരിപ്പിച്ചത്.
ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റ് അംഗങ്ങൾ ഒന്നടങ്കം ഇതിനെ പിന്താങ്ങി. 2023 മേയ് മാസം മലയാളി പൈതൃക മാസമായി പ്രഖ്യാപിക്കുന്നതിനായി ഗവർണർ കാത്തി ഹൊക്കുൾ താത്പ്പര്യപ്പെടണം എന്നാണ് സ്റ്റേറ്റ് ഗവർണ്ണർ കാത്തി ഹോക്കിളിനു കൊടുത്ത പ്രമേയത്തിൽ (ലെജിസ്ലേറ്റീവ് റെസൊല്യൂഷൻ) പറഞ്ഞത്.
കെവിന്റെ ഉപദേശക സമിതിയിലെ അംഗം കൂടിയായ അജിത് കൊച്ചൂസ് എന്ന അജിത് എബ്രഹാമിന്റെ നേതൃത്വത്തിൽ മൂന്നു ഡസനോളം മലയാളികൾ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.
2012-ലെ സെൻസസ് അനുസരിച്ച് അമേരിക്കയിൽ ആകെ 6,44,097 മലയാളികൾ കുടിയേറിയിട്ടുണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അവരിൽ ഏറ്റവും അധികം പേരും താമസിക്കുന്നത് ന്യൂജഴ്സിയിലെ ബെർഗെൻ കൗണ്ടിയിലും ന്യൂയോർക്കിലെ റോക്ലാൻഡ് കൗണ്ടിയിലും ആണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
പ്രസ്തുത വംശജരുടെ ഈ രാജ്യത്തിനുള്ള സംഭാവനകൾ കണക്കിലെടുത്തും അമേരിക്കക്കാരുടെ നല്ല ഭാവിക്കായുള്ള മലയാളികളുടെ പ്രവർത്തനങ്ങൾ മാനിച്ചും മേയ് മാസത്തെ ന്യൂയോർക്ക് സംസ്ഥാനത്ത് മലയാളികളുടെ മാസമായി പ്രഖ്യാപിക്കുവാനാണ് നിയമനിർമ്മാണ സഭാ ഗവർണറോട് ആവശ്യപ്പെട്ടത്.
മലങ്കര ആർച്ച് ഡിയോസിസ് ഓഫ് സിറിയൻ ഓർത്തഡോക്സ് ചർച്ച് ഇൻ നോർത്ത് അമേരിക്കയുടെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മോർ തീത്തൂസ് എൽദോ തിരുമേനിയുടെ ന്യൂയോർക്ക് സെനറ്റ് ഹാളിനുള്ളിലെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പ്രാർഥനയും ഭരണാധികാരികളോടും പ്രത്യേകിച്ച് ഗവർണർ കാത്തിയോടും സെനറ്റർ കെവിനോടുമുള്ള മലയാളി സമൂഹത്തിന്റെ കടപ്പാടും നന്ദിയും പ്രകാശിപ്പിച്ചുകൊണ്ടുള്ള പ്രാരംഭ പ്രസ്താവനയും മലയാളികൾക്ക് അഭിമാനം നൽകിയ മുഹൂർത്തങ്ങളായിരുന്നു.
മലയാളികളെ സംഘടിപ്പിച്ച് സെനറ്റ് ഹാളിൽ എത്തിച്ച അജിത് എബ്രഹാം, ഗവർണറുടെ ഏഷ്യൻ കമ്യൂണിറ്റി അഫയേഴ്സ് ഡയറക്ടർ ബഫലോയിൽ നിന്നുള്ള സിബു നായർ എന്നിവർക്കും വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികൾക്കും കെവിൻ തന്റെ പ്രസംഗത്തിൽ പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് പ്രസിഡന്റ് ഡോ.അന്ന ജോർജ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ് ലീല മാരേട്ട്, കലാവേദി സംഘടനയുടെ ചെയർമാൻ സിബി ഡേവിഡ്, വൈസ്മെൻ ഇന്റർനാഷണൽ റീജനൽ ഡയറക്ടർ കോരസൺ വർഗീസ്, മാധ്യമ പ്രവർത്തകനും സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷന്റെ ജോയിന്റ് സെക്രട്ടറിയുമായ മാത്യുക്കുട്ടി ഈശോ, കേരള കൾച്ചറൽ അസോസിയേഷന്റെ മുൻ പ്രസിഡന്റ് റെജി കുരിയൻ, എഫ് ബീമാ ജനറൽ സെക്രട്ടറി മേരി ഫിലിപ്പ്, നഴ്സസ് അസോസിയേഷൻ കമ്മിറ്റി അംഗം ഏലിയാമ്മ അപ്പുകുട്ടൻ, വേൾഡ് യോഗ കമ്യൂണിറ്റി ചെയർമാൻ ഗുരുജി ദിലീപ്കുമാർ തങ്കപ്പൻ, കൊട്ടിലിയൻ റസ്റ്റോറന്റ് ഉടമ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
പരിപാടിയുടെ സംഘാടകനും സെനറ്റർ കെവിന്റെ ഉപദേശക സമിതി അംഗവും കൂടിയായ അജിത് എബ്രഹാം (അജിത് കൊച്ചൂസ്) സിറ്റിയിലെ പ്രമുഖ ഐടി വിദഗ്ധനും നസോ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഡയറക്ടർ ബോർഡ് അംഗവും കൂടിയാണ്.