ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനുണ്ടായ ഉജ്ജ്വല വിജയത്തില്‍ അമേരിക്കയിലും ആഘോഷം. ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തില്‍ ഹൂസ്റ്റണില്‍ കൂടിയ വിജയാഹഌദ സമ്മേളനം ശ്രദ്ധേയമായി.

മെയ് 14 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫോഡിലുള്ള നേര്‍കാഴ്ച ന്യൂസ് ഓഫീസ് ഹാളില്‍ നടന്ന സമ്മളനത്തില്‍ ഹൂസ്റ്റണിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശപൂര്‍വം പങ്കെടുത്തു. വന്നു ചേര്‍ന്നവര്‍ ഒന്നടങ്കം കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഒഐസിസിയ്ക്കും സിന്ദാബാദ് വിളിച്ചു കൊണ്ട് സമ്മേളനത്തെ ആവേശഭരിതമാക്കി.

ഒഐസിസി യൂഎസ്എ നാഷണല്‍ പ്രസിഡണ്ട് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിച്ച സമ്മേളനം നാഷണല്‍ ചെയര്‍മാന്‍ ജെയിംസ് കൂടല്‍ ഉത്ഘാടനം ചെയ്തു. നാഷണല്‍ ജനറല്‍ സെക്രട്ടറി ജീമോന്‍ റാന്നി സ്വാഗതം ആശംസിച്ചു.

2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മോദിയുടെ ഭരണത്തിനെതിരായ ശക്തമായ വെല്ലുവിളി ഉയര്‍ത്താനുള്ള ഊര്‍ജം ഈ തിരഞ്ഞെടുപ്പ് വിജയത്തില്‍ കൂടി ലഭിച്ചിരിയ്ക്കുന്നു. കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിയ്ക്കുന്ന ബിജെ.പി ഭരണത്തിന്റെ അടിവേരിളകത്തക്കവണ്ണം ‘ബിജെപി മുക്ത ദക്ഷിണേന്ത്യ’ പൂര്‍ ണ്ണമായിരിക്കയാണ്. ഇതേ ഊര്‍ജ്ജവും ആവേശവും നിലനിര്‍ത്തി കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടു പോകുകയാണെങ്കില്‍ ഇന്ത്യയില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭരണം സുനിശ്ചിതമാണെന്ന് പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. കര്ണാടകയിലെ നേതാക്കളുടെ ഇടയിലെ ഒത്തൊരുമ, കൂട്ടായ്മ, വാര്‍ഡ് തലം മുതല്‍ മുകളിലോട്ടുള്ള എല്ലാ തലങ്ങളിലും ഉണ്ടായ ചിട്ടയായ പ്രവര്‍ത്തനം കര്‍ണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമായി. 4000 മൈലുകളോളം കാല്‍നടയായി സഞ്ചരിച്ച് ‘:ഭാരത് ജോഡോ യാത്രയെ’ സമ്പൂര്‍ണ വിജയമാക്കി മാറ്റിയ രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ ഹൃദയത്തില്‍ ചേര്‍ത്ത് പിടിച്ചു കഴിഞ്ഞു. ഇനിയുള്ള മാസങ്ങളില്‍ ബിജെപിയെ തുടച്ചു മാറ്റാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ക്കു ഒഐസിസി യുടെ എല്ലാ പിന്തുണയും സമ്മേളനം വാഗ്ദാനം ചെയ്തു

ഒഐസിസി റീജിയന്‍, ചാപ്റ്റര്‍ ഭാരവാഹികളായ പൊന്നു പിള്ള, ജോജി ജോസഫ്,. ബാബു കൂടത്തിനാലില്‍, ജോയ് തുമ്പമണ്‍, ഷീല ചെറു, അലക്‌സ് തെക്കേതില്‍, ജോര്‍ജ് കൊച്ചുമ്മന്‍, അനുപ് ചെറുകാട്ടൂര്‍ , ബിജു ചാലയ്ക്കല്‍, സൈമണ്‍ വാളാച്ചേരില്‍, മൈസൂര്‍ തമ്പി ടോം വിരിപ്പന്‍, വര്‍ഗീസ് ചെറു, ചാക്കോ തോമസ്, ഡാനിയേല്‍ ചാക്കോ, ജോര്‍ജ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

മദേഴ്‌സ് ഡേ ആശംസകളും പങ്കു വച്ചു. സ്റ്റാഫ്‌ഫോര്‍ഡ് സിറ്റിയിലെ റണ്‍ ഓഫില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന കോണ്‍ഗ്രസ് സഹയാത്രികനായ കെന്‍ മാത്യുവിനു എല്ലാ വിജയങ്ങളും ആശംസിച്ചതോടൊപ്പം അദ്ദേഹത്തിന്റെ വിജയത്തിന് വേണ്ടി ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നതിന് തീരുമാനിച്ചു. മേയര്‍ തിരഞ്ഞെടനുബന്ധിച്ച് ‘ഫേസ്ബുക്’. ‘സോഷ്യല്‍ മീഡിയ’ പ്രചാരണങ്ങള്‍ സജീവമാക്കുന്നതിനും മറ്റു വിധത്തിലുള്ള സഹായങ്ങളും ചെയ്ത് അദ്ദേഹത്തിന്റെ വിജയം സുനിശ്ചിതമാക്കുന്നതിനു തീരുമാനിച്ചു. കെന്‍ മാത്യു നന്ദി പറഞ്ഞു

ചാപ്റ്റര്‍ പ്രസിഡണ്ട് വാവച്ചന്‍ മാത്യു കൃതഞ്ജത അറിയിച്ചു.