ഹൈക്കോടതി ജഡ്ജി നിയമനപട്ടികയിൽനിന്ന് അഭിഭാഷകരെ ഒഴിവാക്കി കൊളീജിയം ശുപാർശ. സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് അഭിഭാഷകരുടെ പേരുകൾ അയയ്ക്കാതിരുന്നത്. അഭിഭാഷകരുടെ നിയമനകാര്യത്തിൽ പുതിയ കൊളീജിയമാകും തീരുമാനമെടുക്കുക.

രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചേർന്ന കേരള ഹൈക്കോടതി കൊളീജിയത്തിൽ അംഗങ്ങൾ തമ്മിൽ സമവായത്തിൽ എത്താത്തതിനെ തുടർന്നാണ് അഭിഭാഷകരുടെ പട്ടിക അയക്കാതിരുന്നത്. മൂന്ന് അഭിഭാഷകരുടെ പേരുകളാണ് കൊളീജിയത്തിന്റെ പരിഗണനക്ക് വന്നത്. ഇതിൽ ഒരാളുടെ നിയമനത്തെ കൊളീജിയത്തിലെ ഒരംഗം എതിർത്തതായാണ് വിവരം. ഇതേതുടർന്ന് ജില്ലാ ജഡ്ജിമാരുടെ രണ്ടു പട്ടികകൾ സുപ്രീംകോടതി കൊളീജിയത്തിന് കൈമാറാനും, അഭിഭാഷകരുടെ പട്ടിക തത്കാലം അയക്കേണ്ടതില്ലെന്നും ധാരണയിൽ എത്തുകയായിരുന്നു. രണ്ട് ജില്ലാ ജഡ്ജിമാരുടെ സീനിയോറിറ്റിയുടെ കാര്യത്തിൽ തർക്കം ഉണ്ടായതിനെ തുടർന്നാണ് ഒന്നിലധികം പട്ടികകൾ തയ്യാറാക്കിയത്. അഭിഭാഷകരിൽ നിന്നുമുള്ള നിയമനകാര്യത്തിൽ പുതിയ കൊളീജിയമാവും ഇനി തീരുമാനം എടുക്കുക. 

ചീഫ് ജസ്റ്റിസ് എസ്‌.മണികുമാർ വിരമിക്കാൻ ഒരുമാസം മാത്രമാണ് ബാക്കി. മറ്റൊരംഗമായ ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ പാറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിക്കപ്പെട്ടു. ഈ സാഹചര്യത്തിൽ ഇനി പുതിയ ചീഫ് ജസ്റ്റിസിന് മാത്രമേ കൊളീജിയം വിളിച്ചു ചേർക്കാനാവു. നിലവിലെ സാഹചര്യത്തിൽ ജസ്റ്റിസുമാരായ അലക്സാണ്ടർ തോമസ്, മുഹമ്മദ് മുഷ്താഖ് എന്നിവർ കൊളീജിയത്തിലെത്തും. മറ്റേതെങ്കിലും ഹൈക്കോടതിയിൽ നിന്നും പുതിയ ചീഫ് ജസ്റ്റിസിനെ നിയമിക്കാത്ത സാഹചര്യം ഉണ്ടായാൽ സീനിയർ ജഡ്ജി ജസ്റ്റിസ് എസ്.വി.ഭട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആവുമെന്ന് സൂചനയുണ്ട്.