ഇടുക്കിയിലെ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും.

എട്ടു സംഘങ്ങളെയാണ് രൂപീകരിക്കേണ്ടത്. ഏതൊക്കെ ആളുകൾ എന്തൊക്കെ ജോലികൾ ചെയ്യണം എന്നത് വിശദീകരിച്ചു നൽകും. മറ്റു വകുപ്പുകളെ ഉൾപ്പെടുത്തി നാളെ മോക്ക് ഡ്രിൽ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.

കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നൽകിയിട്ടുണ്ട്. അനുകൂല വിധി വന്നാൽ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവിൽ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.

ആനയുടെ നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആ‌ർടിയും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്.