ന്യൂഡൽഹി: അയോദ്ധ്യ, റഫാൽ തുടങ്ങിയ സുപ്രധാന വിധികളിൽ രാഷ്ട്രീയമായി ഒന്നുമില്ലെന്ന് മുൻ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഇന്ത്യാ ടുഡേ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീം കോടതി വിധികളെ രാഷ്ട്രീയം സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തോടാണ് ബോബ്‌ഡെയുടെ പരാമർശം. ‘രാഷ്ട്രീയം’ എന്ന പദം എന്തിനോടും ചേർക്കാമെന്ന് പറഞ്ഞു.

‘റഫേലിൽ രാഷ്ട്രീയമായി ഒന്നുമില്ല, അതൊരു പ്രതിരോധ ഇടപാടായിരുന്നു, അയോധ്യ പ്രശ്‌നം സ്വാതന്ത്ര്യത്തിന് മുമ്പ് മുതൽ നടക്കുന്നു, രാഷ്ട്രീയമായി ഒന്നുമില്ല’ ബോബ്‌ഡെ പറഞ്ഞു. 

തന്റെ ഭരണകാലത്തെ രണ്ട് ബലാത്സംഗക്കേസുകളെക്കുറിച്ചും മുൻ ചീഫ് ജസ്റ്റിസ് ബോബ്ഡെ സംസാരിച്ചു. ബലാത്സംഗക്കേസ് പ്രതികളോട് ഇരയെ വിവാഹം കഴിക്കാൻ ബോബ്ഡെ ആവശ്യപ്പെട്ടത് 2021ലാണ്. ഈ വിഷയത്തിൽ ഏറെ വിവാദങ്ങൾ ഉണ്ടാകുകയും രാജി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ വിഷയം തെറ്റായ പശ്ചാത്തലത്തിലാണ് ആളുകൾ ഏറ്റെടുത്തതെന്ന് ബോബ്‌ഡെ പറഞ്ഞു.