ഇന്ത്യയിൽ എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് കേസുകൾ വർധിക്കുന്നു. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാർച്ച് 5 വരെ കേസുകളുടെ എണ്ണം 451 ആയി ഉയർന്നു. എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് ബാധിച്ച് പൂനെയിലെ പിംപ്രി-ചിഞ്ച്‌വാദിൽ 73 കാരൻ മരിച്ചതോടെ എച്ച്3എൻ2 ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം ഒമ്പതായി. കേരളം, കർണാടക, തമിഴ്‌നാട്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ  മന്ത്രാലയം കോവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, കുട്ടികൾക്കും പ്രായമായവർക്കും പ്രത്യേക മുൻകരുതലുകൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

കുട്ടികളും പ്രായമായവരും പ്രത്യേക മുൻകരുതലുകൾ എടുക്കാൻ ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം സീസണൽ ഇൻഫ്ലുവൻസ പടരുന്നത് തടയാൻ, ജില്ലാ നിരീക്ഷണ യൂണിറ്റുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ എന്നിവ നിരീക്ഷിക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും എച്ച് 3 എൻ 2 ഇൻഫ്ലുവൻസ വൈറസിന്റെ അപകടസാധ്യത വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, ഡൽഹി സർക്കാർ ആശുപത്രികളിൽ ഈ വൈറസ് ഇതുവരെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

എച്ച്3എൻ 2 കേസുകളുടെ വർദ്ധനവിന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശ് സർക്കാർ മുൻകരുതൽ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. H3N2 രോഗികളുടെ ഓക്സിജന്റെ അളവ് 90 ആയി കുറഞ്ഞാൽ അവരെ ആശുപത്രികളിലേക്ക് പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെൽപ്പ് ലൈൻ നമ്പറുകളുടെ പട്ടികയും സർക്കാർ പുറത്തുവിട്ടിട്ടുണ്ട്. 8 വയസോ അതിൽ താഴെയോ പ്രായമുള്ള കുട്ടികളോടും 65 വയസ്സിന് മുകളിലുള്ളവരോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.അവിനാഷ് സിംഗ് ഇന്ത്യ ടുഡേയോട് പറഞ്ഞു. 

സംസ്ഥാനത്ത് ഇൻഫ്ലുവൻസ എച്ച്3എൻ2 വേരിയന്റ് വൈറസ്ബാധ സംബന്ധിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും ജനങ്ങൾ മുൻകരുതൽ എടുക്കണമെന്നും കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു.കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളൾ അനുസരിച്ച് ജാഗ്രത നടപടികളും പരിശോധനകളും സംസ്ഥാനത്ത് നടത്തുന്നതായി സാങ്കേതിക ഉപദേശക സമിതിയും മുതിർന്ന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധാകർ പറഞ്ഞു. 15 വയസ്സിന് താഴെയുള്ള കുട്ടികളിലും 65 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാരിലും ഗർഭിണികളിലും അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും മന്ത്രി പറഞ്ഞു,

മഹാരാഷ്ട്രയിൽ എച്ച്3എൻ2 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ സംസ്ഥാനങ്ങളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും എല്ലാ ആശുപത്രികളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.