ന്യുഡല്‍ഹി: എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇതുസംബന്ധിച്ച ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവും തള്ളി. ഇതോടെ കര്‍ദിനാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന് വ്യക്തമായി.

ജസ്റ്റീസുമാരായ ദിനേശ് മഹേശ്വരി, ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കാക്കനാട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസുകള്‍ റദ്ദാക്കണമെന്ന് കര്‍ദിനാള്‍ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരന്‍ കോടതിയെ സമീപിച്ചത് അനുകൂല വിധി സന്പാദിക്കാന്‍ ശ്രമിച്ചുവെന്നും കര്‍ദിനാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്ന് പറഞ്ഞ കോടതി, വിചാരണ കോടതിയില്‍ ഹാജരാകാതിരുന്ന കര്‍ദിനാളിന് രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നിരുന്നു. ഇതേതുടര്‍ന്ന് കര്‍ദിനാള്‍ കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിരുന്നു. പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസാണ് ഹര്‍ജിക്കാരന്‍.

ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് കാണിച്ച് കര്‍ദിനാളിനെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയിരുന്നത്. കാനോന്‍ നിയമപ്രകാരമുള്ള ഭൂമി ഇടപാടാണ് നടത്തിയിരിക്കുന്നതെന്നും അതില്‍ ക്രമക്കേടില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം.

അതേസമയം, സഭയുടെ ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ തുടര്‍ ഉത്തരവുകളില്‍ അതൃപ്തി പ്രകടിപ്പിച്ച സുപ്രീം കോടതി, പരാമര്‍ശങ്ങള്‍ മരവിപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി ഉത്തരവിലെ ഖണ്ഡിക 17 മൃതല്‍ 39 വരെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബത്തേരി, താമരശേരി രൂപതകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി നടത്തിയത് അതിരുകടന്ന പരാമര്‍ശമാണെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

സഭാ സ്വത്ത് വില്‍പ്പന നടത്തുന്നതില്‍ ബിഷപ്പിന് അധികാരമില്ലെന്നത് അടക്കമുള്ള പരാമര്‍ശങ്ങള്‍ ഹൈക്കോടതി നടത്തിയിരുന്നു. സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍ണ്ണവിധി ഉണ്ടാകുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.