മെറ്റയുടെ ഫോട്ടോ- വീഡിയോ ഷെയറിംഗ് ആപ്പായ ഇന്‍സ്റ്റാഗ്രാം ഏറെ നേരം പ്രവര്‍ത്തനരഹിതമായി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കള്‍ക്ക് തടസ്സം നേരിട്ടെന്നാണ് വിവരം.  ആപ്പ് ഉപയോഗിക്കുന്നതില്ലായിരുന്നു പ്രധാന പ്രശ്നം. അമേരിക്കന്‍ ഉപയോക്താക്കള്‍ക്കാണ് കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഇതിനെതിരെ ഉപയോക്താക്കള്‍ സോഷ്യല്‍ മീഡിയയിൽ പരാതിയുമായി രംഗത്തെത്തിയിരുന്നു.

ഔട്ടേജ് ട്രാക്കിംഗ് വെബ്സൈറ്റ് Downdetector.com അനുസരിച്ച് ഇന്‍സ്റ്റാഗ്രാമിന്റെ സേവനങ്ങള്‍ സ്തംഭിച്ചതോടെ 46000ല്‍ അധികം ഉപയോക്താക്കള്‍ ഈ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏകദേശം 2,000 യുകെ ഉപയോക്താക്കളും ഇന്ത്യയിലും ഓസ്‌ട്രേലിയയിലുമായി ആയിരത്തിലധികം ഉപയോക്താക്കളും പരാതി ഉന്നയിച്ചു. ഇക്കാര്യത്തില്‍ മെറ്റ അധികൃതർ വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. തടസ്സം നേരിട്ടതിന് പിന്നിലെ കാരണവും വെളിപ്പെടുത്തിയിട്ടില്ല. ഇതാദ്യമായല്ല മെറ്റയുടെ സേവനം മുടങ്ങുന്നത്. ജനുവരിയിലും ഉപയോക്താക്കള്‍ ഇത്തരത്തിലുള്ള പ്രശ്നം നേരിട്ടിരുന്നു.

മുമ്പ് പല ഉപയോക്താക്കള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അയക്കുന്ന സന്ദേശം മറ്റ് ഉപയോക്താവിലേക്ക് എത്തിയിരുന്നില്ല എന്നതായിരുന്നു പ്രശ്നം. കുറച്ച് സമയത്തിന് ശേഷം കമ്പനി ഈ പ്രശ്‌നം പരിഹരിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാട്സ്ആപ്പിന്റെ സേവനങ്ങളും മണിക്കൂറുകളോളം സ്തംഭിച്ചിരുന്നു. അന്നും ഉപയോക്താക്കള്‍ക്ക് ആര്‍ക്കും സന്ദേശമയയ്ക്കാനായില്ല. സാങ്കേതിക പിഴവാണ് തകരാറിന് കാരണമെന്ന് വാട്ട്സ്ആപ്പ് വക്താവ് പറഞ്ഞിരുന്നുവെങ്കിലും കുറച്ച് സമയത്തിന് ശേഷം ഈ പ്രശ്‌നം പരിഹരിച്ചു. ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പാണ് വാട്ട്സ്ആപ്പ്.