അമ്മയുടെ മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ മുലപ്പാല്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് അപകടകരമാണെന്ന് തെളിഞ്ഞാലോ?. അത്തരത്തിലൊരു പഠനമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. ലഖ്നൗവിലെ ക്യൂന്‍ മേരി ആശുപത്രി നടത്തിയ പഠനത്തിലാണ് ഗര്‍ഭിണികളുടെ പാലില്‍ കീടനാശിനികളുടെ അംശം കണ്ടെത്തിയത്.പ്രൊഫസര്‍ സുജാത ദേവ്, ഡോ. അബ്ബാസ് അലി മെഹന്ദി, ഡോ. നൈന ദ്വിവേദി എന്നിവരാണ് ഈ ഗവേഷണം നടത്തിയത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചില്‍ 111 നവജാത ശിശുക്കള്‍ ദുരൂഹ കാരണങ്ങളാല്‍ മരണപ്പെട്ടിരുന്നു. മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ അറിവായിട്ടില്ലെങ്കിലും ഈ പഠനം പുറത്തുവന്നതോടെ ഇതുമൊരു സാധ്യതയായി വിലയിരുത്തപ്പെടുന്നുണ്ട്. 

അമ്മയുടെ പിത്താശയത്തിലെ കീടനാശിനിയുടെ അളവ് കണ്ടെത്താനാണ് ഈ ഗവേഷണം നടത്തിയതെന്ന് കെജിഎംയു ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോ. അബ്ബാസ് അലി മെഹന്ദി പറഞ്ഞു. എന്നാല്‍ പഠനത്തില്‍ മുലപ്പാലില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തി. ശേഷം മുലപ്പാലിലെ കീടനാശിനിയുടെ അളവും കണ്ടെത്തി. പഠനത്തിനായി ഏകദേശം 256 സ്ത്രീകളുടെ സാമ്പിള്‍ എടുത്തിരുന്നു.ഇവരില്‍ ഭൂരിഭാഗം സ്ത്രീകളുടെയും മുലപ്പാലില്‍ കീടനാശിനി അംശം കണ്ടെത്തി. ഈ കീടനാശിനികള്‍ക്ക് ഹ്രസ്വ- ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും ഉണ്ട്. ഇത് പൊണ്ണത്തടി വര്‍ദ്ധിപ്പിക്കും. മസ്തിഷ്‌കം, വൃക്കകള്‍, കരള്‍ എന്നിവയെയും ഇത് ദോഷകരമായി ബാധിക്കാം.

ശരീരത്തില്‍ കീടനാശിനികള്‍ എത്തുന്നത് ഇങ്ങനെ

ഇന്നത്തെക്കാലത്ത് കാര്‍ഷികവിളകളുടെ വിളവ് വര്‍ദ്ധിപ്പിക്കാന്‍ ധാരാളം കീടനാശിനികള്‍ ഉപയോഗിക്കാറുണ്ട്. ദോഷകരമായ നിരവധി കീടനാശിനികളും സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഈ കീടനാശിനികള്‍ വിളയില്‍ അവശേഷിക്കും സാവധാനം ഇവ നമ്മുടെ ശരീരത്തിലും എത്തും. ഇതു കൂടാതെ സസ്യാഹാരം, മാംസാഹാരം എന്നിവ കഴിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകളിലും പ്രത്യേക പഠനം നടത്തി. പഠന പ്രകാരം മാംസാഹാരം കഴിക്കുന്ന സ്ത്രീകളുടെ ശരീരത്തില്‍ 3.5 മടങ്ങ് കൂടുതല്‍ കീടനാശിനികള്‍ കണ്ടെത്തി. ഇതിനു കാരണമായി പറയുന്നത് എന്തെന്നാല്‍, മത്സ്യം വെള്ളത്തിനുള്ളിലാണ് വസിക്കുന്നത്, വെള്ളത്തില്‍ ലയിക്കുന്ന കീടനാശിനികള്‍ കാരണം അത് മത്സത്തിന്റെ ശരീരത്തില്‍ അലിഞ്ഞുചേരുന്നു.  കാലിത്തീറ്റയിലും കീടനാശികള്‍ തളിക്കാറുണ്ടെന്നും ഇത് കഴിക്കുന്ന മൃഗങ്ങളിലും ഇതിന്റെ അംശമുണ്ടാകും. ഇതാണ് മാംസാഹാരികളായ സ്ത്രീകളുടെ സ്ത്രീകളുടെ മുലപ്പാലില്‍ കൂടുതല്‍ കീടനാശിനികള്‍ കാണപ്പെടാന്‍ കാരണം.

മഹാരാജ്ഗഞ്ച് കേസില്‍ വ്യക്തമായി ഒന്നും പറയാനാകില്ലെന്ന് ഡോ.മെഹന്ദി പറഞ്ഞു. കീടനാശിനികള്‍ ഒരുമിച്ച് ശരീരത്തില്‍ എത്തുമ്പോള്‍ അത് മാരകമായി മാറാം. എന്നാല്‍ ഇത് സാവധാനം ശരീരത്തില്‍ എത്തുമ്പോള്‍ ഇതിന് ദീര്‍ഘകാല പ്രഭാവം ഉണ്ടാകും. അതിന്റെ അപകടഫലം 10 മുതല്‍ 20 വര്‍ഷം വരെ നീണ്ടുനിന്നേക്കാം. ഇന്നത്തെ കാലത്ത് ചെറുപ്പത്തില്‍ തന്നെ പല രോഗങ്ങളും കണ്ടു വരുന്നുണ്ട്. മദ്യം കഴിക്കാതെ ആളുകള്‍ക്കും കരള്‍ രോഗങ്ങള്‍  ഉണ്ടാകുന്നു. ഇതിനെല്ലാം ഒരു കാരണമായി ഈ കീടനാശിനി ഉപയോഗത്തെ കണക്കാക്കാം. കീടനാശിനികള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക എന്നത് നമ്മുടെ കൈയ്യില്‍ ഒതുങ്ങുന്ന കാര്യമല്ല. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ നന്നായി സൂക്ഷിക്കുക. പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക.