ലണ്ടൻ : യു.കെ.യിൽ പത്തുലക്ഷത്തിലധികം പേർ ചാൾസ് ബോണറ്റ് സിൻഡ്രോം ബാധിതരെന്ന് പഠനറിപ്പോർട്ട്. രാജ്യത്തെ അഞ്ചിലൊന്ന് വ്യക്തികൾ ചാൾസ് ബോണറ്റ് സിൻഡ്രോമിന്റെ പിടിയിലാണെന്ന് എസ്മേസ് അമ്പ്രല്ല എന്ന സന്നദ്ധ സംഘടന നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാക്കുന്നു. എക്സ്പ്രസ്.കോ.യു.കെ.യിലാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

എന്താണ് ചാൾസ് ബോണറ്റ് സിൻഡ്രോം? 

പ്രായം കൂടുന്നതിനനുസരിച്ചുണ്ടാകുന്ന തിമിരവും നേത്രപടലത്തിനുണ്ടാകുന്ന അപചയവും മൂലം വലിയ കാഴ്ചനഷ്ടം സംഭവിക്കുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാകുന്നത്. കൺമുന്നിൽ ഇല്ലാത്ത വസ്തുക്കളെ കാണുന്നതാണ് (ഹാലൂസിനേഷൻ) ഈ അവസ്ഥ ബാധിച്ചവർക്ക് സംഭവിക്കുന്നത്. എന്തെങ്കിലും പ്രത്യേക ആകൃതിയിലുള്ള വസ്തുക്കളോ കൃത്യമായ ആകൃതിയിലല്ലാത്ത വസ്തുക്കളോ നേർരേഖയോ സ്ഥലങ്ങളോ മൃഗങ്ങളോ വ്യക്തികളോ ഒക്കെ ഇവർ കാണാറുണ്ട്.

ബ്ലാക്ക് ആൻഡ് വൈറ്റിലോ മറ്റ് നിറങ്ങളിലോ ഈ രൂപങ്ങൾ പ്രത്യക്ഷപ്പെടാം. പെട്ടന്നായിരിക്കാം ഇത്തരം രൂപങ്ങൾ മുന്നിൽ അവതരിക്കുക. ചിലപ്പോൾ കുറച്ചു മിനിട്ടുകൾ മാത്രമായിരിക്കും ഇവയുടെ ആയുസ്സ്. ചിലപ്പോഴിത് മണിക്കൂറുകളോളം നീണ്ടുപോയെന്നും വരാം. കാണുന്നതല്ലാതെ കേൾക്കാനോ രുചിയ്ക്കാനോ തൊട്ടറിയാനോ ഒന്നും സാധിക്കില്ല എന്നതാണ് ഇവയുടെ പ്രത്യേകത.

ഒരു വ്യക്തിയുടെ കാഴ്ചയുടെ 60 ശതമാനത്തിലധികം നഷ്ടപ്പെടുമ്പോഴാണ് ഇത്തരം ഹാലൂസിനേഷൻ സംഭവിക്കുന്നത്. കണ്ണുകളിൽനിന്നും തലച്ചോറിലേക്കുള്ള സന്ദേശങ്ങൾ തടയപ്പെടുന്നതിന്റെ ഭാഗമായാണ് യാഥാർഥ്യമല്ലാത്തതിനെ കാണുന്നതായി അനുഭവപ്പെടുന്നത്. 1000 ആരോഗ്യവിദഗ്ധരിൽ നടത്തിയ വോട്ടെടുപ്പിൽ 37 ശതമാനം ആളുകൾക്കും ചാൾസ് ബോണറ്റ് സിൻഡ്രോമിനെപ്പറ്റി ധാരണ ഉണ്ടായിരുന്നില്ല.

ആവശ്യത്തിന് വിശ്രമവും രാത്രികാലങ്ങളിലെ കൃത്യമായ ഉറക്കവുമാണ് ഡോക്ടർമാർ ഇതിനു പരിഹാരമായി നിർദ്ദേശിക്കുന്നത്. നല്ല വെളിച്ചമുള്ള ബൾബുകളും മാഗ്നിഫയിങ് ഉപകരണങ്ങളും ഉപയോഗിക്കുന്നത് കണ്ണുകളുടെ ശരിയായ പരിപാലനത്തെ സഹായിക്കും. ഇടയ്ക്കിടയ്ക്ക് നേത്രപരിശോധന നടത്തുന്നതും സഹായകരമാണ് എന്നാണ് ആരോഗ്യ ഏജൻസികൾ നൽകുന്ന നിർദേശം.