ദുൽഖർ സൽമാൻ നായകനായ ചാർലി റിലീസായി വർഷം ഏഴ് കഴിഞ്ഞെങ്കിലും ലൊക്കേഷന്റെ ഭംഗി കണ്ട് അന്വേഷിച്ച് കാണാൻ വരുന്നവർ ഏറെ. ചിത്രത്തിലെ വട്ടവട ശരിക്കും ഇങ്ങ് പീരുമേട്ടിലാണ്. പഴയ പാമ്പനാറിന് അടുത്തുള്ള തെപ്പക്കുളമാണ് ആ ലൊക്കേഷൻ.

ലാഡ്രം തേയിലത്തോട്ടത്തിന് നടുവിലാണ് ഈ മനോഹര പ്രദേശമുള്ളത്. 2015ൽ പുറത്തിറങ്ങിയ ചാർലി സിനിമയിൽ വട്ടവടയെന്ന് വിളിക്കുന്ന സ്ഥലമാണിത്. ഇവിടെയുള്ള സർക്കാർ എൽ.പി. സ്കൂളാണ് സിനിമയിലെ വൃദ്ധസദനം.

മുമ്പേ സഞ്ചാരികളുടെ പ്രിയ ഇടമായിരുന്നെങ്കിലും സിനിമ റിലീസായശേഷം ലൊക്കേഷൻ തേടി ഇവിടേക്ക് കൂടുതൽ ആളുകൾ എത്തിത്തുടങ്ങി. സ്കൂളിനോട് ചേർന്നുള്ള ഒറ്റയടിപ്പാതയാണ് ഇപ്പോൾ സഞ്ചാരികളുടെയും ബ്ലോഗർമാരുടെയും വിവാഹ ഫോട്ടോകൾ എടുക്കുന്നവരുടെയും ഇഷ്ടസ്ഥലമായി മാറിയിരിക്കുന്നത്.

തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള ഒറ്റയടിപ്പാതയും ഇരുവശങ്ങളിലും നിരനിരയായി നിൽക്കുന്ന ചൂളമരങ്ങളും നൽകുന്നത് വശ്യസൗന്ദര്യമാണ്. മഴക്കാലത്ത് റോഡിന് ഇരുവശത്തും തടാകം രൂപപ്പെടും. കോടമഞ്ഞും കൂടിയെത്തിയാൽ കാഴ്ചയുടെ മനോഹാരിതയേറും. ഈ തടാകത്തിലേക്കാണ് അപർണാ ഗോപിനാഥിന്റെ കഥാപാത്രമായ കനിയെ, ചാർലി തട്ടിയിടുന്നത്. ഇതിന്റെ കരയിലാണ് സിനിമയ്ക്കായി കപ്പലിന്റെ മനോഹരമായ ഇൻസ്റ്റലേഷൻ സ്ഥാപിച്ചത്.

കൊട്ടാരക്കരഡിണ്ടിഗൽ ദേശീയപാതയിലെ പഴയപാമ്പനാറിൽനിന്ന് അഞ്ചുകിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. തമിഴ്, തെലുങ്ക് സിനിമകൾക്ക് പുറമേ മമ്മൂട്ടി അഭിനയിച്ച താപ്പാന, മോഹൻലാൽ ചിത്രം ലൂസിഫർ തുടങ്ങിയ ചിത്രങ്ങളുടെയും ഭാഗങ്ങൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.