വിവാദമായ ബിബിസി ഡോക്യുമെന്ററിയ്ക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയ നടപടി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയും, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തിരിക്കുകയാണ്. എന്നാൽ ആയിരക്കണക്കിന് സാധാരണ പൗരന്മാർ നീതിക്കും വേഗത്തിലുള്ള വിചാരണയ്ക്കും വേണ്ടി കാത്തിരിക്കുമ്പോൾ ഇത്തരം ഹർജികൾ ജുഡീഷ്യറിയുടെ സമയം പാഴാക്കലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ഇതിനോട് പ്രതികരിച്ചു.

ബിബിസി ഡോക്യുമെന്ററി ജനുവരി 21നാണ് കേന്ദ്രം നിരോധിച്ചത്, പരമ്പര വാസ്‌തവ വിരുദ്ധമാണ് കാട്ടിയായിരുന്നു വിലക്ക് ഏർപ്പെടുത്തിയത്. 2002ലെ ഗുജറാത്ത് കലാപകാലത്ത് നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് നേതൃത്വത്തെ വിമർശിക്കുന്നതായിരുന്നു ഈ ഡോക്യുമെന്ററി.

“ആയിരക്കണക്കിന് സാധാരണ പൗരന്മാർ നീതിക്കായി കാത്തിരിക്കുകയും, അവസരം തേടുകയും ചെയ്യുന്ന കാലത്ത് ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം അവർ പാഴാക്കുന്നത് ഇങ്ങനെയാണ്” എന്ന് റിജിജു ട്വിറ്ററിൽ കുറിച്ചു. 

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ റാം, അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, ടിഎംസിയുടെ മഹുവ മൊയ്ത്ര എന്നിവർ സുപ്രീം കോടതിയിൽ നൽകിയ പുതിയ ഹർജികളെ കിരൺ റിജിജു വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയുടെ നിരോധനത്തെ ചോദ്യം ചെയ്‌ത്‌ കൊണ്ടുള്ള അവരുടെ ഹർജിയിൽ ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(എ) പരാമർശിച്ചുകൊണ്ട്, ബിബിസിയുടെ വിവാദമായ ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ’ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചുകൊണ്ട് ഒരു പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെ വെല്ലുവിളിച്ചതായി ഹർജിയിൽ പറയുന്നു.

ഇന്ത്യാ വിരുദ്ധ അജണ്ടയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രചരണശകാലമാണ് ഈ ഡോക്യുമെന്ററിയെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ്, വിദേശകാര്യ മന്ത്രാലയങ്ങൾ പറയുന്നത്. 

ബിബിസിയുടെ പ്രചാരണം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതായും, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനുള്ളിലെ പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതായും കണ്ടെത്തിയെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്‌റ്റിങ് മന്ത്രാലയം വക്താവ് പറഞ്ഞിരുന്നു.