സാമൂഹിക സുരക്ഷ പെന്‍ഷനില്‍ നിന്ന് വരുമാനം കൂടിയവരെ കര്‍ശനമായി ഒഴിവാക്കാന്‍ ധനവകുപ്പ്. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍ക്കും നഗരകാര്യ ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. വര്‍ഷം ഒരു ലക്ഷം രൂപയിലേറെ കുടുംബ വരുമാനമുള്ളവരെയാണ് സാമൂഹിക സുരക്ഷാ പെന്‍ഷനില്‍ നിന്ന് ഒഴിവാക്കുക. 

പെന്‍ഷന്‍ വാങ്ങുന്നവരില്‍ നിന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ശേഖരിക്കുന്നുണ്ട്. ഫെബ്രുവരി 28നകം ഇത് നല്‍കണം. തുടര്‍ന്ന് വരുമാനം വിലയിരുത്തിയ ശേഷം പരിധിയ്ക്ക് പുറത്തുള്ളവരെ ഒഴിവാക്കും. ഇതോടെ 5,00,000 പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് വിലയിരുത്തല്‍. 

നിലവില്‍ 50.5 ലക്ഷം പേര്‍ മാസം 1,600 രൂപ വീതം പെന്‍ഷന്‍ വാങ്ങുന്നുണ്ട്. 7 ലക്ഷത്തിലധികം പേര്‍ ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായി ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇവര്‍ക്ക് വരുമാന പരിധി ബാധകമല്ല.