ന്യൂഡല്‍ഹി : ഹിജാബ് വിലക്കിനെ തുടര്‍ന്ന് പല പെണ്‍കുട്ടികളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉപേക്ഷിച്ചെന്ന് അഡ്വ. മീനാക്ഷി അറോറ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് വിഷയം വീണ്ടും പരിയഗണിക്കാനൊരുങ്ങി കോടതി. പരിഗണിക്കേണ്ട കേസുകളുടെ പട്ടികയില്‍ ഉള്‍പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അറിയിച്ചു.

പല കുട്ടികളും പരീക്ഷകള്‍ പോലും എങ്ങനെ എഴുതണമെന്ന ആശങ്കയിലാണ്. അടുത്ത മാസം ആറിന് പരീക്ഷകള്‍ ആരംഭിക്കുകയാണ്. വിലക്ക് നില നില്‍ക്കുന്ന സര്‍ക്കാര്‍ കോളേജുകളില്‍ അടക്കം പരീക്ഷകള്‍ എഴുതേണ്ട കുട്ടികള്‍ ഉണ്ട്. ആശങ്കയില്‍ നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ഇടക്കാല വിധി വേണമെന്നും മീനാക്ഷി അറോറ ആവശ്യപ്പെട്ടു.

മൂന്നംഗ ബഞ്ച് ഇക്കാര്യം അടിയന്തരമായി പരിഗണിച്ച് നടപടിയെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഹര്‍ജ്ജി പരിഗണിക്കേണ്ട തിയതി ഉടന്‍ തീരുമാനിക്കാമെന്നും രജിസ്ട്രാറോട് ഇക്കാര്യത്തിൽ കുറിപ്പ് തയ്യാറാക്കി എത്രയും വേഗം എത്തിക്കാമെന്ന ഉറപ്പും മീനാക്ഷി അറോറക്ക് ചീഫ് ജസ്റ്റിസ് നല്‍കി. വിധിയില്‍ ഭിന്നതയുണ്ടായതിനാല്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണ് ​കേസ് പരിഗണിക്കുക.

ഇതേ സമയം സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ സ്കൂളുകളും ഹിജാബ് വിലക്ക തുടരുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അന്ന് ഹിജാബ് കേസ് പരിഗണിച്ച ബഞ്ചിന് ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടര്‍ന്ന് വിശാല ബെഞ്ചിന് കേസ് വിടുകയായിരുന്നു.