കൊച്ചി: ആദ്യമായി കേരളത്തിലേക്കും ഡിജിറ്റൽ കറൻസി എത്തുന്നു. ഏപ്രിൽ 1 മുതലാണ് കേരളത്തിൽ ഡിജിറ്റൽ കറൻസികൾ പ്രാബല്യത്തിൽ വരിക. കേരളത്തിന്‍റെ പ്രധാന മെട്രൊ നഗരമായ കൊച്ചിയിലാണ് ആദ്യം കറൻസികൾ അവതരിപ്പിക്കുക. കഴിഞ്ഞ ഡിസംബറിൽ മുംബൈ, ബെംഗളൂരു ന്യു ഡൽഹി എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ റിസർവ്വ് ബാങ്ക് ഡിജിറ്റൽ കറൻസികൾ അവതരിപ്പിച്ചിരുന്നു. ഇത് വിജയം കണ്ടതിനു പിന്നാലെയാണ്  4 നഗരങ്ങളിലേക്കു കൂടി കറൻസികൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. അതിലൊന്നായി കൊച്ചിയേയും തെരഞ്ഞെടുത്തിട്ടുണ്ട്. ഏപ്രിൽ  മുതലാവും കൊച്ചിയിൽ കറൻസി പ്രാബല്യത്തിലാവുക. 

കേരളത്തിൽ ബിസിനസുകാർക്കും തെരഞ്ഞെടുക്കപ്പെടുന്ന ഉപഭോക്താക്കൾക്കും മാത്രമാവും കറൻസികൾ ലഭിക്കുക. ഇതിനെ സി യു ജി അഥവാ ക്‌ളോസ്ഡ് യൂസര്‍ ഗ്രൂപ്പ് എന്നാണ് വിളിക്കുക. എസ് ബി ഐ, ഐ സി സി ഐസി, യേസ് ബാങ്ക്, ഐ ഡി എപ് സി ബാങ്കുകള്‍ക്കാണ് ഡിജിറ്റല്‍ കറന്‍സി കൈകാര്യം ചെയ്യാന്‍ റിസര്‍വ്വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്.കൊച്ചിയില്‍ ഡിജിറ്റല്‍ കറന്‍സി ലഭ്യമാകുമ്പോഴേക്കും എട്ടു ബാങ്കുകളില്‍ ഈ സൗകര്യമുണ്ടാകും.

സാധാരണ കറൻസികളുടെ അതേ വിലയാണ് ഡിജിറ്റൽ കറൻസിക്കും. സ്വന്തം അക്കൗണ്ടിലെ പണം ഒരു പ്രത്യേക ആപ്പിലൂടെ ഡിജിറ്റൽ വാലറ്റിലേക്ക് മാറ്റുമ്പോഴാവും ഇത് ഡിജിറ്റൽ കറൻസിയാവുക. ഈ ആപ്പ് ഉപയോഗിക്കുന്ന എല്ലാവർക്കും ഈ കറൻസി പരസ്പരം കൈമാറാനാവും. എന്നാൽ ഈ ഇടപാടുകൾ ബാങ്ക് അക്കൗണ്ടിൽ വ്യക്തമാവില്ല. അതു കൊണ്ടുതന്നെ ഇത് ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയ പേമെന്‍റ് ആപ്പുകളിൽ നിന്നും വ്യത്യാസപ്പെടുന്നു. അക്കൗണ്ട് ഉടമകളുടെ സ്വകാര്യതയെ സംരക്ഷിക്കുകയാണ് ഇതുവഴി ഉദ്ദേശിക്കുന്നത്.