ന്യൂഡൽഹി: 2047 ഓടെ രാജ്യത്ത് ഇസ്ലാമിക ഭരണംകൊണ്ടുവരാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി എൻഐഎ. കർണാടകയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധക്കേസ് കുറ്റപത്രത്തിലാണ്  എൻഐഎ ഇക്കാര്യം പറഞ്ഞത്.

ഇസ്ലാമിക ഭരണം എന്ന ലക്ഷ്യം മുമ്പിൽ കണ്ട് കില്ലർ സ്ക്വാഡുകൾ, സർവ്വീസ് ടീമുകളും രൂപികരിച്ചിരുന്നു. കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്യാൻ ടീമുകളെ സജ്ജമാക്കിയെടുക്കാനാണ് സംഘടന ലക്ഷ്യമിട്ടത്. ഇതിനായി ഇവർക്ക് ആയുധ പരിശീലനവും സർവൈലൻസ് പരിശീലനമടക്കം നൽകിട്ടുണ്ടെന്നും എൻഐഎ കണ്ടെത്തി.

ബംഗളുരു പ്രത്യേക എൻഐഎ കോടതിയിൽ നൽകിയ കുറ്റപത്രത്തിലാണ് ഈ കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെടുന്നത്. പ്രവീണിന്‍റെ കൊലപാതകം മംഗലാപുരം, സുള്ള്യയിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സമൂഹത്തിൽ തീവ്രവാദം വളർത്താനും ഭീതി പരത്താനും ഉദ്ദേശിച്ചായിരുന്നു കൊലപാതകം എന്നാണ് കുറ്റപത്രത്തിൽ എൻഐഎ പറയുന്നത്.