കൊച്ചി: കൃത്യമായ സമ്മതമില്ലാതെ ഒരു പെൺകുട്ടിയെയോ സ്ത്രീയേയൊ തൊടരുതെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. സ്ക്കൂളുകളിൽ നിന്നും വീടുകളിൽ നിന്നുമാണ് ആൺകുട്ടികൾക്ക് ഈ പാഠങ്ങൾ പകർന്നു നൽകേണ്ടെതെന്നും ജസ്റ്റിസായ ദേവൻ രാമചന്ദ്രൻ പറഞ്ഞു.
പീഡന കേസില്‍ ആഭ്യന്തര പരാതി പരിഹാര സമിതിയുടെയും കോളെജ് പ്രിന്‍സിപ്പലിന്റേയും ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതി നിരീക്ഷണം. നല്ലപെരുമാറ്റത്തിന്റേയും മര്യാദയുടെയും പാഠങ്ങൾ ചെറിയ ക്ലാസ് മുതൽ പാഠ്യക്രമത്തിന്റെ ഭാഗമാക്കേണ്ടത് ആവശ്യമാണ്.
നോ എന്നാല്‍ നോ എന്നു തന്നെയാണെന്ന ബോധ്യം ഓരോ ആൺകുട്ടികളിലും ഉണ്ടാകേണ്ടതുണ്ട്. നിസ്വാര്‍ഥവും മാന്യവുമായി പെരുമാറാന്‍ സമൂഹം അവരെ പര്യാപ്തരാക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.സ്ത്രീകളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് ഒരു പഴഞ്ചന്‍ ശീലമല്ല, അത് എക്കാലത്തേയും നന്മയാണ്. സമ്മതമില്ലാതെ ഒരു സ്ത്രീയെയും തൊടരുത്. പുരുഷത്വം എന്ന സംങ്കല്‍പ്പത്തിന് ഏറെ മാറ്റം വന്നിട്ടുണ്ട്. അത് ഇനിയും ഏറെ മാറേണ്ടതുണ്ട്, സെക്സിസം സ്വീകാര്യമായ ഒന്നല്ലെന്ന് കോടതി വ്യക്തമാക്കി.
ഒരാളെ ബഹുമാനിക്കുക എന്നത് ചെറുപ്പം മുതൽ ശീലിച്ചു വരേണ്ട ഒന്നാണ്. സ്ത്രീകളെ ബഹുമാനിക്കുക എന്നത് ഒരു കുറച്ചിലല്ല മറിച്ച് ഒരാളുടെ കരുത്താണെന്ന് തിരിച്ചറിയണം.സ്ത്രീകളോട് എങ്ങനെ പെരുമാറുന്നുവെന്നതില്‍നിന്ന് ഒരാളുടെ സംസ്ക്കാരം വ്യക്തമാവും. യതാർഥ പുരുഷൻ സ്ത്രീകളെ ഉപദ്രവിക്കുന്നവൻ അല്ലെന്നും സ്ത്രീകളെ ഉപദ്രവിക്കുന്നത് പുരുഷത്വത്തിന്റെ ലക്ഷണമല്ലെന്നും കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.