ഗുജറാത്ത് കലാപം പ്രമേയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അവതരിപ്പിച്ച ബിബിസിയുടെ ഡോക്യുമെന്ററിയെ തള്ളി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്. സംഭവത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം നേരിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി മോദിയെ പിന്തുണച്ച് രംഗത്തെത്തി. ഹിംസയോട് യോജിക്കാനാകില്ലെന്ന നിലപാട് യു.കെ. നേരത്തെ വ്യക്തമാക്കിയതാണ്. അതില്‍മാറ്റമില്ല. എന്നാല്‍ ഏതെങ്കിലും തരത്തില്‍ വ്യക്തികളെ ചിത്രീകരിക്കുന്നതിനെയും അംഗീകരിക്കാനാകില്ലെന്നും ഋഷി സുനക് പറഞ്ഞു. 2002ലെ കലാപത്തില്‍ നരേന്ദ്രമോദിക്ക് നേരിട്ട് പങ്കുണ്ടെന്ന ഡോക്യുമെന്റിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടി പാക് വംശജനായ എം.പി ഇമ്രാന്‍ ഹുസൈനാണ് ചോദ്യമുന്നയിച്ചത്. നിലവില്‍ ഇന്ത്യയില്‍ യൂ ട്യൂബ് അടക്കമുള്ള സ്ട്രീമിങ് പ്ലാറ്റ് ഫോമുകളില്‍ ഡോക്യുമെന്റി ലഭ്യമല്ല.

ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ത്തിയ ബിബിസിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യ രംഗത്തെത്തി. ‘അപകീര്‍ത്തികരമായ ആഖ്യാനങ്ങള്‍ക്കായി തയാറാക്കിയ പ്രചാരണ സാമഗ്രിയാണിതെന്നും പക്ഷപാതപരമായും വസ്തുനിഷ്ഠമല്ലാതെയും കൊളോണിയല്‍ മാനസികാവസ്ഥയിലും തയാറാക്കിയതാണെന്നു വ്യക്തമാണെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സീരീസ് ആണിതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.