ആലപ്പുഴ: അഞ്ച് മിനിറ്റ് വൈകിയതിന് സ്‌കൂളില്‍ കയറ്റാതെ കുട്ടികളെ റോഡില്‍ നിര്‍ത്തിയതായി ആരോപണം. ആലപ്പുഴ എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇന്നു രാവിലെ 9.30 ഓടെയാണ് സംഭവം.

അധികൃതര്‍ ഗേറ്റ് പൂട്ടിയതോടെ 25 ഓളം കുട്ടികള്‍ റോഡില്‍ നില്‍ക്കുകയാണ്. സ്ഥിരമായി വൈകുന്നവരെയാണ് പുറത്താക്കിയതെന്ന് പ്രിന്‍സിപ്പല്‍ മാത്തുക്കുട്ടി വര്‍ഗീസ് പറയുന്നു.

സ്‌കൂളില്‍ ഒമ്പത് മണിക്കാണ് ബെല്‍ അടിക്കുന്നത്. 9.10 വരെ വൈകിയെത്തുന്നവരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാറുണ്ട്. സ്ഥിരമായി വൈകുന്നവരെയാണ് പുറത്താക്കിയത്. സ്‌കൂള്‍ ഗേറ്റിലെ രജിസ്റ്ററില്‍ സ്ഥിരമായി വൈകിയെത്തുന്ന കുട്ടികളുടെ പേരുണ്ട്. ഇവര്‍ ദൂരെനിന്ന് വരുന്നവരല്ല. പലരും സൈക്കിളില്‍ വരുന്നവരാണ്. വീട്ടില്‍ നിന്ന് നേരത്തെ ഇറങ്ങിയ ഇവര്‍ പല സ്ഥലത്തും കറങ്ങിനടന്ന ശേഷം വൈകി സ്‌കൂളില്‍ എത്തുന്നതാണ്. സ്‌കൂളിന്റെ അച്ചടക്കത്തെ ബാധിക്കുന്ന ഒരു നടപടിയും അംഗീകരിക്കില്ലെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

എന്നാല്‍ ബസ് കിട്ടാനും മറ്റും വൈകിയതിനാലാണ് താമസിച്ചുപോയതെന്നാണ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന വിശദീകരണം. സംഭവം അറിഞ്ഞ് രക്ഷിതാക്കള്‍ സ്‌കൂളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.