പാകിസ്ഥാന്‍ ഹൈക്കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയെന്ന പരാതിയുമായി യുവതി. പഞ്ചാബില്‍ നിന്നുള്ള  കോളേജ് പ്രൊഫസറായ യുവതിയാണ് ഡല്‍ഹി ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്. 2021 ല്‍ പാകിസ്ഥാനിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാന്‍ എംബസിയില്‍ എത്തിയപ്പോള്‍ ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തന്നോട് ലൈംഗികാതിക്രമം കാട്ടിയെന്നാണ് യുവതിയുടെ ആരോപണം.

ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പരാതിയുടെ വിശദ വിവരങ്ങള്‍ യുവതി ഇന്ത്യ ടുഡേയോട് പങ്കുവെച്ചു. പഞ്ചാബിലെ ഒരു സര്‍വകലാശാലയിലെ സീനിയര്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്മെന്റ് മേധാവിയുമായ യുവതി, പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ ഓണ്‍ലൈനായാണ് വിസ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്തത്. ലാഹോര്‍ സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, സ്മാരകങ്ങളുടെ ഫോട്ടോ എടുക്കാനും അവയെക്കുറിച്ച് എഴുതാന്‍ ആഗ്രഹിക്കുന്നെന്നും അവിടെയുളള ഒരു സര്‍വ്വകലാശാലയില്‍ പ്രഭാഷണം നടത്താന്‍ ക്ഷണം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥരെ അറിയിച്ചു. 

പോകാനൊരുങ്ങിയപ്പോള്‍ മറ്റൊരു ഉദ്യോഗസ്ഥനെത്തി വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. എന്തുകൊണ്ടാണ് ഞാന്‍ വിവാഹം കഴിക്കാത്തതെന്ന് ചോദിച്ചു. വിവാഹം കഴിക്കാതെ എങ്ങനെ ജീവിക്കാനാകുമെന്നും എന്റെ ലൈംഗികാഭിലാഷങ്ങള്‍ക്കായി ഞാന്‍ എന്തുചെയ്യുമെന്നും ചോദിച്ചു. വിഷയം മാറ്റാന്‍ ശ്രമിച്ചിട്ടും ഉദ്യോഗസ്ഥന്‍ തന്റെ ചോദ്യങ്ങള്‍ തുടര്‍ന്നുവെന്നും പ്രൊഫസര്‍ അവകാശപ്പെടുന്നു.

വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പ്രൊഫസര്‍ പരാതി നല്‍കിയിട്ടുണ്ട്. നേരത്തെ, യുവതി പാകിസ്ഥാന്‍ പോര്‍ട്ടലില്‍ പരാതി നല്‍കുകയും വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോയ്ക്ക് കത്തെഴുതുകയും ചെയ്തിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനുമായുള്ള വാട്ട്സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും അവര്‍ വിദേശകാര്യ മന്ത്രിക്ക് അയച്ചു.

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ എഴുതാന്‍ തന്നോട് ആവശ്യപ്പെട്ടെന്നും അതിനായി മികച്ച പ്രതിഫലം വാഗ്ദാനം ചെയ്യുകയും ചെയ്തു. താന്‍ അത് നിരസിച്ചുവെന്നും യുവതി ആരോപിച്ചു. ഖാലിസ്ഥാനെ പിന്തുണയ്ക്കുന്നുണ്ടോ എന്നും അവര്‍ ചോദിച്ചതായി യുവതി പറയുന്നു. തന്റെ കേസ് ആരും ശ്രദ്ധിക്കാത്തതിനാലാണ് താന്‍ സംഭവം പരസ്യമാക്കിയതെന്നും പാകിസ്ഥാന്‍ ഹൈക്കമ്മീഷനില്‍ വരുന്ന ഇന്ത്യന്‍ സ്ത്രീകള്‍ അവരുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും യുവതി പറയുന്നു.