ഉന്നത ഭരണഘടനാ പദവികളിലും ന്യൂനപക്ഷ മന്ത്രാലയത്തിലും ഉള്ളവർക്ക് ലഭ്യമായിരുന്ന ഹജ്ജ് ക്വാട്ട റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി, ഇത് രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് പറഞ്ഞു. നേരത്തെ ക്വാട്ട റദ്ദാക്കുന്നതിന് മുമ്പ്, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ന്യൂനപക്ഷകാര്യ മന്ത്രി, ഹജ്ജ്‌ കമ്മിറ്റി എന്നിവർക്ക് അനുവദിച്ച ക്വാട്ടയിലൂടെ 500ഓളം പേർക്ക് ഹജ്ജിന് പോകാമായിരുന്നു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വന്തം ക്വാട്ട ഉപേക്ഷിക്കുന്നത് രാജ്യത്ത് വിഐപി സംസ്‌കാരം അവസാനിക്കുന്നതിന്റെ സൂചനയാണെന്ന് സ്‌മൃതി ഇറാനി പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് മുകളിൽ ചുവന്ന ബീക്കണുകൾ നിരോധിക്കുന്നതുൾപ്പെടെ വിഐപി സംസ്‌കാരത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുമ്പ് പല നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും വിഐപി സംസ്‌കാരത്തിനെതിരെയാണ് സംസാരിച്ചത്. അദ്ദേഹം തന്നെ അതിനെതിരാണ്. ‘ലാൽ ബട്ടി’ അല്ലെങ്കിൽ ‘ചുവന്ന ബീക്കൺ’ ഉള്ള വാഹനങ്ങൾ എന്ന പഴയ ആചാരം പോലും ഇല്ലാതായി.” സ്‌മൃതി ഇറാനി പറഞ്ഞു.

നേരത്തെ, മന്ത്രിയുമായി ബന്ധമുണ്ടെങ്കിൽ ആളുകൾക്ക് ഹജ്ജിന് സീറ്റ് ലഭിക്കുമായിരുന്നു, എന്നാൽ ആ സംവിധാനം റദ്ദാക്കിയെന്നും ഇപ്പോൾ എല്ലാവർക്കും പോകാൻ തുല്യമായ അവസരം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. “ഹജ്ജ് തീർത്ഥാടനത്തിന്റെ കാര്യത്തിൽ വിവേചനമൊന്നും കാണരുതെന്ന് സാധാരണ മുസ്ലീം ജനത ആഗ്രഹിച്ചിരുന്നു, ഇപ്പോൾ എല്ലാവർക്കും ഒരേ അവസരം ലഭിക്കും” സ്‌മൃതി ഇറാനി കൂട്ടിച്ചേർത്തു.

“വിഐപി ക്വാട്ടയുടെ മുഴുവൻ സംവിധാനവും നിർത്തലാക്കണമെന്ന് ഞങ്ങൾ ഹജ്ജ് കമ്മിറ്റിയോട് അഭ്യർത്ഥിക്കുകയും ചെയ്‌തു” സ്‌മൃതി ഇറാനി പറഞ്ഞു. രാഷ്ട്രപതിയുടെ ക്വാട്ടയിൽ 100, ഉപരാഷ്ട്രപതിയുടെ ക്വാട്ടയിൽ 75, പ്രധാനമന്ത്രിയുടെ ക്വാട്ടയിൽ 75, ന്യൂനപക്ഷകാര്യ മന്ത്രിയുടെ ക്വാട്ടയിൽ 50 എന്നിങ്ങനെയാണ് സീറ്റുകൾ നിശ്ചയിച്ചിരുന്നത്. ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ 200 സീറ്റുകളും എടുത്തുമാറ്റിയിട്ടുണ്ട്.