ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരത്തിന് പ്രമുഖ ഗാനരചയിതാവ് ശ്രീകുമാരന്‍ തമ്പി അർഹനായി. ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണനാണ് ഈ വിവരം അറിയിച്ചത്. സര്‍വ്വമത സാഹോദര്യത്തിനും സമഭാവനയ്ക്കുമുള്ള സംഭാവനകള്‍ കണക്കിലെടുത്ത് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിവരുന്നതാണ് ഹരിവരാസനം പുരസ്‌കാരം.

സ്വാമി അയ്യപ്പന്‍ അടക്കമുള്ള 85 സിനിമകള്‍ക്ക് തിരക്കഥയും സംഭാഷണവും എഴുതി ശബരിമല യാത്ര, അയ്യപ്പ ഭക്തിഗാനങ്ങള്‍ എന്നീ ആല്‍ബങ്ങളിലൂടെ ഗാനരചയിതാവായും ശ്രദ്ധേയനാണ് ശ്രീകുമാരന്‍ തമ്പി “മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവമിരിക്കുന്നു” “ഉഷസന്ധ്യകള്‍ തേടിവരുന്നു” “അകത്തും അയ്യപ്പന്‍ പുറത്തും അയ്യപ്പന്‍” എന്നീ ഭക്തിഗാനങ്ങൾ അദ്ദേഹം രചിച്ചതാണ്.

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മകരവിളക്ക് ദിവസമായ ജനുവരി 14ന് രാവിലെ എട്ടിന് സന്നിധാനം ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ പുരസ്‌കാരം സമ്മാനിക്കും. പ്രശസ്‌ത സംഗീതജ്ഞ പാല്‍ക്കുളങ്ങര കെ. അംബികാദേവി, ദേവസ്വം സെക്രട്ടറി കെ ബിജു ഐഎഎസ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ ബിഎസ് പ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.