കൊച്ചി: ശബരിമലയിലെ അരവണയില്‍ ഉപയോഗിക്കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഏലയ്ക്കയെന്ന് പരിശോധനാ റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായും ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഏലയ്ക്ക സുരക്ഷിതമല്ലെന്നും കൊച്ചി സ്‌പൈസസ് ബോര്‍ഡ് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 

നേരത്തെ അരവണയിലേത് നിലവാരമില്ലാത്ത ഏലയ്ക്കയെന്ന് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തിരുവനന്തപുരത്തെ ലാബില്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയത്. നിലവില്‍ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയില്‍ പരിശോധിച്ച ശേഷം ഗുണനിലവാരമുള്ള ഏലക്ക മാത്രമാണ് സന്നിധാനത്തേക്ക് അയക്കുന്നത്.