ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ന്യൂ അശോക് നഗറില്‍ അമ്മ നവജാത ശിശുവിനെ എറിഞ്ഞുകൊന്നു. 20 കാരിയായ യുവതിയാണ് ജയ് ആംബെ അപ്പാര്‍ട്ട്മെന്റിന്റെ മുകളില്‍ നിന്ന് ആണ്‍കുഞ്ഞിനെ എറിഞ്ഞത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. താന്‍ അവിവാഹിതയാണെന്നും സമൂഹം കളിയാക്കുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊന്നതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നോയിഡയിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് യുവതി.

ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞിനെ ഉടന്‍ തന്നെ നോയിഡയിലെ മെട്രോ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തെ നിരവധി വീടുകളില്‍ പരിശോധന നടത്തി. ഇതിനിടെ താമസക്കാരെ ചോദ്യം ചെയ്യുന്നതിനിടെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. താന്‍ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയെന്നും എന്നാല്‍ ശുചിമുറിയുടെ ജനാലയില്‍ നിന്ന് എറിഞ്ഞ് കൊന്നതായും യുവതി പറഞ്ഞു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.