ഇന്ത്യയില്‍ നിര്‍മിച്ച അണക്കെട്ടുകളില്‍ ചെളി അടിഞ്ഞുകൂടുന്നത് മൂലം വെള്ളം സംഭരിക്കാനുള്ള ശേഷി തുടര്‍ച്ചയായി കുറഞ്ഞുവരികയാണെന്ന് പഠനം. ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനത്തില്‍ ഇത് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിലെ 3,700 അണക്കെട്ടുകളില്‍ വന്‍തോതില്‍ ചെളി അടിഞ്ഞുകൂടുന്നതായി യുഎന്‍ പഠനം മുന്നറിയിപ്പ് നല്‍കി. ഇതുമൂലം 2050 ആകുമ്പോഴേക്കും അണക്കെട്ടുകളില്‍ വെള്ളം സംഭരിക്കാനുള്ള മൊത്തം ശേഷിയുടെ 26 ശതമാനം കുറയും.

ഡാമുകളുടെ ജലസംഭരണ ശേഷി കുറയുന്നത് ഭാവിയില്‍ ജലസുരക്ഷ, ജലസേചനം, വൈദ്യുതി ഉല്‍പ്പാദനം എന്നിവയെ സാരമായി ബാധിക്കും. വന്‍കിട ജലസംഭരണികളെ സംബന്ധിച്ച് 2015ല്‍ കേന്ദ്ര ജല കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നതാണ് പ്രത്യേകത. 50 വര്‍ഷത്തിലേറെ പഴക്കമുള്ള 141 വലിയ ജലസംഭരണികളില്‍ നാലിലൊന്നിലും അവയുടെ പ്രാരംഭ സംഭരണത്തിന്റെ 30 ശതമാനമെങ്കിലും നഷ്ടപ്പെട്ടുവെന്ന് അതില്‍ പറയുന്നു. ലോകത്തെമ്പാടുമുള്ള 50,000 ത്തോളം വരുന്ന വലിയ അണക്കെട്ടുകളുടെ സംഭരണശേഷിയില്‍ 13 മുതല്‍ 19 ശതമാനം വരെ ജലം സംഭരിക്കാനുള്ള ശേഷി മണ്ണ് അടിഞ്ഞുകൂടിയതിനാല്‍ കുറവ് വന്നിട്ടുണ്ടെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. 

യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ വാട്ടര്‍, എന്‍വയോണ്‍മെന്റ് ആന്‍ഡ് ഹെല്‍ത്ത് (UNU-INWEH) ആണ് ഈ പഠനം നടത്തിയത്. ഇത് ജലവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുള്ള യുഎന്നിന്റെ തിങ്ക് ടാങ്ക് എന്നും അറിയപ്പെടുന്നു. 150 രാജ്യങ്ങളിലെ 47,403 വലിയ ഡാമുകളിലായി 6,316 ബില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണശേഷി 2050 ആകുമ്പോഴേക്കും ഏകദേശം 26 ശതമാനം കുറഞ്ഞ് 4,665 ബില്യണ്‍ ക്യുബിക് മീറ്ററായി മാറുമെന്ന് പഠനം പറയുന്നു. 1,650 ബില്യണ്‍ ക്യുബിക് മീറ്റര്‍ സംഭരണ ശേഷിയുടെ നഷ്ടം ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ഫ്രാന്‍സ്, കാനഡ എന്നീ രാജ്യങ്ങളുടെ വാര്‍ഷിക ജല ഉപയോഗത്തിന് ഏകദേശം തുല്യമാണെന്ന് കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ അണക്കെട്ടുകളുള്ള ഏഷ്യ-പസഫിക് മേഖലയ്ക്ക് 2022 ഓടെ സംഭരണശേഷിയുടെ 13 ശതമാനം നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതേ മേഖലയില്‍ 2050 ആകുമ്പോഴേക്കും അണക്കെട്ടുകളുടെ മൊത്തം സംഭരണശേഷിയുടെ 23 ശതമാനവും തീര്‍ന്നുപോയേക്കാം. ലോക ജനസംഖ്യയുടെ 60 ശതമാനവും താമസിക്കുന്നത് ഏഷ്യാ പസഫിക് മേഖലയിലാണ്, അവിടെ ജലസംഭരണം ജലത്തിനും ഭക്ഷ്യസുരക്ഷയ്ക്കും വളരെ പ്രധാനമാണ്. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുള്ള രാജ്യമായ ചൈനയ്ക്ക് ഇതിനകം തന്നെ സംഭരണശേഷിയുടെ 10 ശതമാനം നഷ്ടപ്പെട്ടു, 2050 ഓടെ 10 ശതമാനം കൂടി നഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഏതൊരു പ്രദേശത്തിന്റെയും വികസനത്തിന് ജലസംഭരണി അടിസ്ഥാന സൗകര്യങ്ങള്‍ വളരെ പ്രധാനമാണ്. വലിയ അണക്കെട്ടുകളും ജലസംഭരണികളും ജലവൈദ്യുതി, വെള്ളപ്പൊക്കം, ജലസേചനം, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നതിന് സഹായിക്കുന്നു. വര്‍ഷാവര്‍ഷം അണക്കെട്ടില്‍ അടിഞ്ഞുകൂടുന്ന ചെളിവെള്ളം സംഭരണശേഷി കുറയ്ക്കുക മാത്രമല്ല, അണക്കെട്ടിന്റെ ആയുസ്സിനെ ബാധിക്കുകയും ചെയ്യുന്നു.