ഡെറാഡൂൺ: മണ്ണിടിച്ചിലും ഭൂമി ഇടിഞ്ഞ് താഴുന്നതും രൂക്ഷമായ ജോഷിമഠിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി. സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണെന്നും സാധ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സംഭവവികാസങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉന്നതതല യോഗം വിളിച്ചതിന് പിന്നാലെയാണിത്. ക്യാബിനറ്റ് സെക്രട്ടറി, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ദേശീയ ദുരന്ത നിവാരണ അതോറിറ്റി അംഗങ്ങള്‍ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പികെ മിശ്രയാണ് ഉന്നതതല അവലോകന യോഗം നടത്തുക. ജോഷിമഠ് ജില്ലാ ഭാരവാഹികളും ഉത്തരാഖണ്ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുക്കും.