ന്യൂഡൽഹി: ന്യൂയോര്‍ക്ക്- ഡല്‍ഹി എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ സഹയാത്രികന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതികരിച്ച് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍. ഇത് തനിക്കും എയര്‍ലൈനിലെ സഹപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായ വേദനയുണ്ടാക്കിയതായി അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ എയര്‍ലൈനിന്റെ പ്രതികരണം വളരെ വേഗത്തിലാകേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. 

‘2022 നവംബര്‍ 26-ന് എയര്‍ ഇന്ത്യ ഫ്‌ലൈറ്റിലെ AI102-ല്‍ നടന്ന സംഭവം എനിക്കും എയര്‍ ഇന്ത്യയിലെ എന്റെ സഹപ്രവര്‍ത്തകര്‍ക്കും വ്യക്തിപരമായ വേദനാജനകമായ കാര്യമാണ്. എയര്‍ ഇന്ത്യയുടെ പ്രതികരണം വളരെ വേഗത്തിലായിരിക്കണം. ഈ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിയിരുന്ന രീതിയില്‍ കൈകാര്യം ചെയ്യുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ടാറ്റ ഗ്രൂപ്പും എയര്‍ ഇന്ത്യയും പൂര്‍ണ്ണ ബോധ്യത്തോടെ ഞങ്ങളുടെ യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്നു. അത്തരം അനിയന്ത്രിതമായ സംഭവങ്ങള്‍ തടയുന്നതിനോ പരിഹരിക്കുന്നതിനോ ഉള്ള എല്ലാ പ്രക്രിയകളും ഞങ്ങള്‍ പരിശോധിക്കുന്നുണ്ട്’, പ്രസ്താവനയില്‍ പറയുന്നു.

കേസില്‍ പ്രതിയായ ശങ്കര്‍ മിശ്രയെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. നേരത്തെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബെംഗളൂരുവില്‍ നിന്ന് ഡല്‍ഹി പോലീസ് ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്കെതിരെ 30 ദിവസത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ എയര്‍ ഇന്ത്യ, ക്രൂവിന് സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും ചെയ്തു.