ന്യൂഡൽഹി: മേയർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ സംഘർഷം. തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. ആം ആദ്മി ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ട് മുൻപായിരുന്നു ഏറ്റുമുട്ടൽ. മുനിസിപ്പൽ കോർപ്പറേഷന്റെ നടുത്തളത്തിൽ ഇറങ്ങി എഎപി, ബിജെപി പ്രവർത്തകർ പരസ്പരം മുദ്രാവാക്യം വിളിക്കുകയും തമ്മിൽ തല്ലുകയും ചെയ്തു. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

ഡൽഹി മേയർ തിരഞ്ഞെടുപ്പ് ഇന്ന് നടക്കില്ലെന്നും അടുത്ത തീയതി സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും വൃത്തങ്ങൾ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന എംസിഡി ഹൗസിന്റെ യോഗവും മാറ്റിവച്ചു. തുടർ നടപടികൾ പ്രിസൈഡിംഗ് ഓഫീസർ തീരുമാനിക്കും. ഡൽഹി ലഫ്. ഗവർണർ വി.കെ സക്‌സേന നിയമിച്ച ഇടക്കാല സ്പീക്കർ മറ്റുള്ളവരെ സത്യപ്രതിജ്ഞ ചെയ്യാൻ വിളിച്ചപ്പോഴായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. 

തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ നോമിനേറ്റ് അംഗങ്ങളുടെ മുന്നിലായിരിക്കണം സത്യപ്രതിജ്ഞ ചെയ്യേണ്ടതെന്നായിരുന്നു എഎപി അംഗങ്ങൾ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ മേയർ സ്ഥാനം ബിജെപിയ്ക്ക് ലഭിക്കാനായി ഗവർണർ ഇടപെടൽ നടത്തുന്നുവെന്നാണ് എഎപി ആരോപിക്കുന്നത്. 

തദ്ദേശ തിരഞ്ഞെടുപ്പിൽ നേരത്തെ ബിജെപി പരാജയപ്പെട്ടതാണ്. തുടർച്ചയായി പതിനഞ്ച് വർഷം ഭരിച്ചതിന് ശേഷമായിരുന്നു പരാജയപ്പെട്ടത്. എന്നാൽ മേയർ തിരഞ്ഞെടുപ്പിൽ തങ്ങൾ ജയിക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം. ഷെല്ലി ഒബ്രോയിയെയാണ് എഎപി മേയർ സ്ഥാനത്തേക്ക് മത്സരിപ്പിക്കുന്നത്. ബിജെപിയുടെ രേഖ ഗുപ്തയാണ് എതിർ സ്ഥാനാനാർത്ഥി. അതേസമയം ബാക്കപ്പ് സ്ഥാനാർത്ഥിയായി അശു താക്കൂറിനെയും മത്സരിപ്പിക്കുന്നുണ്ട് എഎപി.