ന്യൂഡൽഹി: ഗുലാം നബി ആസാദിനൊപ്പം കോൺഗ്രസ് വിട്ട നേതാക്കൾ പാർട്ടിയിൽ മടങ്ങിയെത്തി. കശ്മീർ മുൻ ഉപമുഖ്യമന്ത്രി താര തന്ദ്, മുൻ മന്ത്രി  പീർസാദാ മുഹമ്മദ് സയ്യീദ് ഉൾപ്പെടെയുള്ള നേതാക്കളാണ് പാർട്ടിയിൽ തിരികെ എത്തിയത്. ഭാരത് ജോഡോ യാത്ര ശ്രീനഗറിൽ എത്താനിരിക്കെയാണ് നേതാക്കളുടെ നീക്കം.

ഗുലാം നബി ആസാദ് മതേതര ചിന്തകൾ വെടിയുന്നുവെന്ന് ആരോപിച്ചാണ് നേതാക്കൾ പാർട്ടി വിട്ടത്. ഗുലാം നബി ആസാദ്, ചന്ദ്, ബൽവാൻ സിംഗ് തുടങ്ങിയവരുടെ വിശ്വസ്തരെന്ന് കരുതപ്പെടുന്നവർ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് ആസാദ് പാർട്ടിയിൽ (ഡിഎപി) ചേരുകയായിരുന്നു. എന്നാൽ, പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഇവരിൽ ചിലരെ ഡിഎപിയിൽ നിന്ന് കഴിഞ്ഞ മാസം ആസാദ് പുറത്താക്കിയിരുന്നു.

കോൺഗ്രസിന് ഇതൊരു വലിയ ദിനമാണെന്ന് സംഘടനയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുജാഫർ പരേ, മൊഹീന്ദർ ഭരദ്വാജ്, ഭൂഷൻ ദോഗ്ര, വിനോദ് ശർമ, നരീന്ദർ ശർമ, നരേഷ് ശർമ, അംബ്രിഷ് മഗോത്ര, സുബാഷ് ഭഗത്, ബദ്രി നാഥ് ശർമ, വരുൺ മഗോത്ര, അനുരാധ ശർമ, വിജയ് തർഗോത്ര, ചന്ദർ പ്രഭാ ശർമ എന്നിവരാണ് പാർട്ടിയിൽ വീണ്ടും ചേർന്ന മറ്റ് നേതാക്കൾ.