റോം: കർദിനാൾ ജോസഫ് റാറ്റ്സിങ‍ർ. അതായിരുന്നു 2005ൽ മാ‍ർപാപ്പയായി തെരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് ബെനഡിക്ട് പതിനാറാമൻ്റെ പേര്. വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോ‍ർ ദ ഡോക്ട്രിൻ ഓഫ് ഫെയ്ത്തിൻ്റെ തലവനായിരുന്നു അദ്ദേഹം. മുൻപ് കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് തെന്നിമാറുന്നവരെ ശിക്ഷിക്കാൻ വത്തിക്കാനിൽ ഉണ്ടായിരുന്ന സേക്രഡ് റോമൻ ആൻ്റ് ഗ്ലോബൽ ഇൻക്വിസിഷൻ എന്ന വിവാദ വകുപ്പിൻ്റെ പുതിയ രൂപണിത്. വിശ്വാസസംരക്ഷണമാണ് ഈ വകുപ്പിൻ്റെ പ്രഖ്യാപിത ലക്ഷ്യം. കത്തോലിക്കാ വിശ്വാസത്തിൽ കണിശക്കാരനായ കർദിനാൾ റാറ്റ്സിങ‍ർ 24 വർഷമാണ് ഈ പദവിയിൽ ഇരുന്നത്.

അന്ന് ‘ദൈവത്തിൻ്റെ റോട്ട്‌വീലർ’ എന്നൊരു ചെല്ലപ്പേരും കർദിനാൾ റാറ്റ്സിങർക്ക് ലഭിച്ചു. ദൈവശാസ്ത്രമേഖലയിൽ അദ്ദേഹം സ്വീകരിച്ച യാഥാസ്ഥിതിക നിലപാടുകളായിരുന്നു ഈ പേരിനു പിന്നിൽ. 95-ാം വയസിൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ മരിക്കുമ്പോൾ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാൾ എന്നാണ് വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. എട്ട് വർഷം ആഗോള കത്തോലിക്കാ സഭയുടെ തലവനായിരുന്ന ബെനഡിക്ട് പതിനാറാമൻ ഇക്കാലത്തിനിടെ സ്നേഹനിധിയായ മുത്തച്ഛൻ്റെ സ്ഥാനം നേടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

സാധാരണ മാർപാപ്പയുടെ കാലശേഷം അടുത്ത മാർപാപ്പയെ കണ്ടെത്തുന്നതാണ് കത്തോലിക്കാ സഭയുടെ രീതി. എന്നാൽ 2013ൽ ബെനഡിക്ട് പതിനാറാമൻ സ്ഥാനത്യാഗം ചെയ്ത് അടുത്ത മാർപാപ്പയ്ക്ക് വഴിയൊരുക്കിയത് വലിയ വാർത്തയായിരുന്നു. 600 വർഷത്തിനിടെ ആദ്യമായിട്ടാണ് ഒരു മാർപാപ്പ രാജിവെച്ചത്. 2015 ഏപ്രിൽ 19ന് സ്ഥാനമേറ്റെടുക്കുമ്പോൾ ഒരു സഹസ്രാബ്ദത്തിനിടെ ആദ്യമായി മാർപാപ്പയാകുന്ന ജർമൻകാരൻ എന്ന വിശേഷണം അദ്ദേഹം നേടിയിരുന്നു. കത്തോലിക്കാവിശ്വാസത്തെ ഉരുക്കുമുഷ്ടി കൊണ്ട് സംരക്ഷിച്ച അദ്ദേഹം മാർപാപ്പയാകാൻ ഏറ്റവും യോജിച്ച വ്യക്തിയെന്ന് അടുത്ത വൃത്തങ്ങൾ കരുതിയിരുന്നു.

1982ലാണ് മ്യൂണിക് അതിരൂപതയുടെ തലവനായിരുന്ന കർദിനാൾ റാറ്റ്സിങർ വത്തിക്കാനിലെ സുപ്രധാന വകുപ്പിൻ്റെ നേതൃസ്ഥാനത്ത് എത്തുന്നത്. മാർക്സിസത്തിൽ നിന്ന് ഊർജം ഉൾക്കൊണ്ട ലാറ്റിൻ അമേരിക്കയിലെ ലിബറേഷൻ തിയോളജിസ്റ്റുകളായ വൈദികരെ അടക്കി നിർത്തിയതോടെ അദ്ദേഹം ‘ദൈവത്തിൻ്റെ റോട്ട് വീലർ’ എന്ന പേരും നേടി. എന്നാൽ മാർപാപ്പയായിരുന്ന കാലത്ത് ഭരണരംഗത്തെ അദ്ദേഹത്തിൻ്റെ മികവ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു. വിവാദങ്ങൾ ഒന്നിനു പിന്നെ മറ്റൊന്നയി വത്തിക്കാനെ തേടിയെത്തി. ഇസ്ലാമിനെയും അക്രമത്തെയും ബന്ധിപ്പിച്ച് അദ്ദേഹം നടത്തിയ പരാമർശം മുസ്ലീം ലോകരാജ്യങ്ങളെ ചൊടിപ്പിച്ചു. വംശഹത്യ നിഷേധിക്കുന്ന അദ്ദേഹത്തിൻ്റെ നിലപാട് ജൂതമതസ്ഥർക്കും സ്വീകാര്യമായിരുന്നില്ല. ഇതിനു പുറമെയായിരുന്നു എയ്ഡ്സ് പ്രതിരോധത്തിൽ ഗർഭനിരോധന ഉറ സ്ഥിതി വഷളാക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന. വത്തിക്കാനിലെ അഴിമതിയും വിഭാഗീയതയും പുറത്തുകൊണ്ടുവന്ന 2012ല വത്തിലീക്സ് ബെനഡിക്ട് പതിനാറാമൻ്റെ പ്രതിച്ഛായ ഇടിച്ചു. ആരോഗ്യപ്രശ്നങ്ങൾ മൂലം സ്ഥാനത്തു തുടരാനാകില്ലെന്നു പറഞ്ഞ് 2013ൽ അദ്ദേഹം സ്ഥാനത്യാഗം ചെയ്തു.

ദൈവവിശ്വാസത്തിൽ മാത്രമല്ല, ബെനഡിക്ട് പതിനാറാമൻ അടിമുടി ഒരു യാഥാസ്ഥിതികനായിരുന്നു. അദ്ദേഹം നന്നായി പിയാനോ വായിച്ചിരുന്നു. ക്ലാസിക്കൽ സംഗീതം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം മൊസാർട്ടിനെയും ബാക്കിനെയും ഇഷ്ടപ്പെട്ടു. റോക്ക് ആൻ്റ് റോൾ സംഗീതത്തെ വിമർശിച്ച അദ്ദേഹം ആധുനിക സംഗീതം നിസ്സാരമായ സംഗതിയെന്നായിരുന്നു വിശേഷിപ്പിച്ചത്. 86കാരനായ ഫ്രാൻസിസ് പാപ്പ ഇറ്റാലിയൻ പോപ്പ് സംഗീതത്തെയും ക്ലാസിക്കൽ സംഗീതത്തെയും ഒരുപോലെ ഇഷ്ടപ്പെട്ടിരുന്ന സ്ഥാനത്തായിരുന്നു ഇത്.

എന്നാൽ ബാലപീഡകരായ വൈദികരെ പുറത്താക്കാനായി മാർപാപ്പ തുടങ്ങിയ നടപടികൾ ഏറെ വിവാദങ്ങൾക്കിടയിലും അദ്ദേഹത്തിൻ്റെ കിരീടത്തിലെ പൊൻതൂവലായി. അയർലൻഡിൽ നിരവധി മെത്രാന്മാരുടെ രാജിയ്ക്ക് ഇടയാക്കിയ ലൈംഗികചൂഷണത്തെപ്പറ്റി അന്വേഷണത്തിന് ഉത്തരവിട്ടത് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയായിരുന്നു. ഏറെ പരാതികൾ നേരിട്ടിട്ടും ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് സഭ നടപടിയെടുക്കാൻ മടിച്ച ഫാദർ മാർഷ്യൽ മാഷ്യലിന് കർശന ശിക്ഷ നൽകാൻ കഴിഞ്ഞത് ബെനഡിക്ട് പതിനാറാമന് നേട്ടമായി. ഇദ്ദേഹം ഉൾപ്പെടെ പല പീഡകരും അക്കാലത്ത് വൈദികവൃത്തിയിൽ നിന്ന് പുറത്തായി. എന്നാൽ മ്യൂണിക് ആർച്ച്ബിഷപ്പായിരുന്ന കാലത്ത് 1977നും 1982നും ഇടയിൽ ജർമൻ സഭയിൽ നടന്ന പല പീഡനക്കേസുകളും അദ്ദേഹം നടപടിയെടുത്തില്ലെന്ന അന്വേഷണ റിപ്പോർട്ട് 2022ൽ പുറത്തു വന്നു. എന്നാൽ ഇക്കാര്യങ്ങളിൽ അദ്ദേഹത്തിന് നേരിട്ട് ബന്ധമില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും തൻ്റെ തെറ്റുകൾക്ക് അദ്ദേഹം വ്യക്തിപരമായി എഴുതിയ കത്തിൽ മാപ്പുചോദിച്ചു.

വിരമിച്ചതിനു ശേഷം പൊതുരംഗത്ത് ഇടപെടില്ലെന്നായിരുന്നു ബെനഡിക്ട് പതിനാറാമൻ്റെ വാക്ക് എങ്കിലും പലപ്പോഴും അദ്ദേഹം അഭിമുഖങ്ങൾ അനുവദിച്ചിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ സ്ഥാനാരോഹണത്തെ എതിർത്ത യാഥാസ്ഥിതികരെ അദ്ദേഹം രൂക്ഷമായി വമർശിച്ചു. എന്നാൽ ബെനഡിക്ടിനെ ഇഷ്ടപ്പെട്ടിരുന്ന പലരും ഫ്രാൻസിസ് മാർപാപ്പയെ അംഗീകരിക്കാൻ തയ്യാറായില്ല. പോപ്പ് എമരിറ്റസ് എന്ന സ്ഥാനപ്പേരും വെളുത്ത കുപ്പായവും പലപ്പോഴും രണ്ട് മാർപാപ്പമാർ എന്ന പ്രതീതി സൃഷ്ടിച്ചു. മുൻപാപ്പമാരുടെ അവകാശങ്ങൾ പരിമിതപ്പെടുത്തണം എന്ന് പല മുതിർന്ന വൃത്തങ്ങളും ഇതോടെ ആവശ്യപ്പെടുകയും ചെയ്തു.

2013ൽ വിരമിക്കുന്നതു വരെ അദ്ദേഹം 60ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. വിമരിച്ചതിനു ശേഷം അദ്ദേഹം പറഞ്ഞ വാക്കുകളും ശ്രദ്ധേയമായിരുന്നു. “യഥാർഥത്തിൽ സ്വയം തിരിച്ചറിയുകയും ആത്മീയ ചോദ്യങ്ങളിൽ ധ്യാനിക്കുകയും ചെയ്യുന്ന ഒരു പ്രൊഫസറായാണ് ഞാൻ കൂടുതലും സ്വയം കണക്കാക്കുന്നത്.”