ന്യൂഡൽഹി: ​ ഗുലാം നബി ആസാദ് കോൺഗ്രസ് പാർട്ടിയിലേക്ക് മടങ്ങുന്നതായി റിപ്പോർട്ട്. കോൺഗ്രസ് നേതാക്കൾ ആസാദുമായി ചർച്ച നടത്തുകയാണെന്നും ഉടൻ തന്നെ പ്രഖ്യാപനമുണ്ടായേക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാർട്ടി വിട്ടിട്ട് നാലുമാസം തികഞ്ഞതിന് പിന്നാലെയാണ് മുതിർന്ന നേതാവായിരുന്ന ഗുലാം നബി ആസാദിന്റെ തിരിച്ചുവരവ്.

കഴിഞ്ഞ ആഗസ്റ്റിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചായിരുന്നു ആസാദ് പാർട്ടി വിട്ടത്. തുടർന്ന് കാശ്മീർ ആസ്ഥാനമാക്കി ഡെമോക്രാറ്റിക് ആസാദ് പാർട്ടി എന്ന പുതിയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. കാശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി തിരിച്ചുപിടിക്കുകയാണ് പാർട്ടിയുടെ പ്രധാന അജണ്ടയെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ പാർട്ടിയിൽ നിന്ന് മൂന്ന് പ്രധാന നേതാക്കളെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് നേതാക്കളും പ്രവർത്തകരും അടക്കം 126 പേർ പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.

ഗുജറാത്ത്,​ ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിനെ പ്രശംസിച്ച് ഗുലാംനബി ആസാദ് രംഗത്തെത്തിയിരുന്നു. താൻ പാർട്ടിവിരുദ്ധനല്ലെന്നും കോൺഗ്രസിന്റെ ചില നയങ്ങളോടാണ് തനിക്ക് പ്രശ്നമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ഗുലാംനബിയെ ഭാരത് ജോ‌‌‌ഡോ യാത്രയുടെ ഭാഗമാകാൻ ക്ഷണിച്ചിട്ടുണ്ട്. കോൺഗ്രസിലെ ജി23 നേതാക്കളായ അഖിലേഷ് പ്രസാദ് സിംഗും ഭൂപീന്ദർ സിംഗും പാർട്ടിയിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ട് ഗുലാംനബി ആസാദിനെ സമീപിച്ചിരുന്നു. നെഹ്റു കുടുംബവുമായി അടുത്ത ബന്ധമുള്ള അംബികാ സോണിയെ ഗുലാം നബിയെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള ചുമതല ഏൽപ്പിച്ചതായാണ് റിപ്പോർട്ട്. കൂടാതെ ജനുവരി മൂന്നിന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടത്തിൽ ഗുലാംനബി പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്.