ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പപ്പു എന്നാണ് വിമർശകർ പരിഹാസത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ ഈ ‘പപ്പു’ വിളിയിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം. ആളുകൾ താങ്കളെ ‘പപ്പു’വെന്ന് വിളിക്കുമ്പോൾ വിഷമം തോന്നാറുണ്ടോ എന്നായിരുന്നു ചോദ്യം. ഈ പേരിൽ തനിക്ക് പ്രശ്നമൊന്നുമില്ലെന്നാണ് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞത്.

‘എന്റെ മുത്തശ്ശിയെ (ഇന്ദിരാഗാന്ധി) ഗുംഗി ഗുഡിയ(ഊമ പാവ) എന്ന വിളിച്ചിരുന്നു, ഇന്ന് അവർ ഉരുക്കുവനിത എന്നറിയപ്പെടുന്നു. രാഷ്ട്രീയത്തിൽ പരസ്പരം വ്യത്യസ്ത പേരുകൾ വിളിക്കുന്നത് ഒരു പ്രചാരണത്തിന്റെ ഭാഗമാണ്. ഇന്ന് തന്നെ പപ്പു എന്ന് വിളിക്കുന്നവർക്ക് ഉള്ളിൽ പേടിയാണ്. അവർ അസന്തുഷ്ടരാണ്. ഏത് പേരിൽ വിളിച്ചാലും എനിക്ക് പ്രശ്നമില്ല. ആ പേര് ഞാൻ സ്വാഗതം ചെയ്യുന്നു’ രാഹുൽ പറഞ്ഞു. 

ഭാരത് ജോഡോയുടെ മുബൈ പര്യടനത്തിനിടെ രാഹുൽ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അതിനിടെ ഡൽഹിയിലെ കൊടും തണുപ്പിൽ ടീ ഷർട്ട് മാത്രം ധരിച്ച് നടക്കുന്ന രാഹുൽ ഗാന്ധി വാർത്തകളിൽ ഇടം നേടിയിരുന്നു. ‘ രാഹുൽ ഗാന്ധി ഒരു അമാനുഷനാണ്. ഞങ്ങൾ തണുപ്പിൽ തണുത്തുറഞ്ഞ് ജാക്കറ്റ് ധരിക്കുമ്പോൾ, അദ്ദേഹം ടീ-ഷർട്ടുകൾ ധരിച്ച് ഭാരത് ജോഡോ യാത്രയ്ക്കായി പുറത്തേക്ക് പോകുന്നു. അദ്ദേഹം ഒരു യോഗിയെപ്പോലെയാണ്’ കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് പറഞ്ഞു.